accident

കാലിഫോര്‍ണിയ: അപകടത്തില്‍പ്പെട്ട് കടലില്‍ വീണ വിമാനത്തിനുള്ളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റും ഒപ്പമുണ്ടായിരുന്ന വളര്‍ത്തുനായയും. എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ വീണ വിമാനത്തിലെ വൈമാനികനും നായക്കുട്ടിയും കരയിലേക്ക് നീന്തി കയറുകയായിരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം.

വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ കടലില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ശ്രമിക്കുകയായിരുന്നു പൈലറ്റ്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തില്‍ മറ്റ് യാത്രക്കാരില്ലാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്. കടലില്‍ നിന്ന് പൈലറ്റും നായയും 200 മീറ്ററോളമാണ് കരയിലേക്ക് നീന്തിയത്.

വിമാനം കടലിലേക്ക് വീഴുന്നത് കണ്ട ദൃക്സാക്ഷി ഉടനെ അടിയന്തര നമ്പറിലേക്ക് വിളിക്കുകയും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുമായി പ്രദേശത്തേക്ക് പറക്കുകയും ചെയ്തു. കോസ്റ്റ് ഗാര്‍ഡ് വിമാനം വീണ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും പൈലറ്റും നായയും കരയിലെത്തിയിരുന്നു. വിമാനം പൂര്‍ണമായും കടലില്‍ മുങ്ങിത്താണു.

പൈലറ്റിനും നായയ്ക്കും ഒരു പരിക്കുകളുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 1981 മോഡല്‍ വിമാനമാണ് അപകടത്തില്‍പെട്ടത്.