crime

ഹൈദരാബാദ്: യൂസ്ഡ് കാറുകളുടെ വില്‍പ്പന നടത്തുന്ന വ്യക്തിയും കൂട്ടാളികളും ചേര്‍ന്ന് ആഡംബര കാര്‍ കത്തിച്ചു. ഹൈദരാബാദിലാണ് ആഡംബര കാറായ ലംബോര്‍ഗിനി അഗ്നിക്കിരയാക്കിയ സംഭവം. തന്റെ കാര്‍ വില്‍ക്കാന്‍ തീരുമാനിച്ച ഉടമ ഇക്കാര്യം ചില പരിചയക്കാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

ഉടമയുടെ സുഹൃത്തുക്കളിലൊരാളോട് കാര്‍ എത്തിക്കാന്‍ വില്‍പ്പന നടത്തുന്നയാള്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 13ന് നഗരത്തിന് പുറത്തുള്ള ഒരു സ്ഥലത്ത് കാര്‍ എത്തിച്ചപ്പോള്‍ ഇവിടെ കാത്ത് നിന്ന പ്രതിയും കൂട്ടുകാരും ചേര്‍ന്ന് കൈയില്‍ കരുതിയ പെട്രോള്‍ കാറിലേക്ക് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.

കാറിന്റെ ഉടമ തനിക്ക് പണം നല്‍കാനുണ്ടെന്ന് പറഞ്ഞായിരുന്നു പെട്രോള്‍ ഒഴിച്ച് കാര്‍ കത്തിച്ചതെന്ന് പ്രതി പറഞ്ഞു. ഇതേത്തുടര്‍ന്ന് കാറുടമയും സുഹൃത്തും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നാണ് പ്രതിയും പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഉള്‍പ്പെടെ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.