ipl

കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചെയ്‌സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് വിക്കറ്റിന് മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. സുനില്‍ നരെയ്‌ന്റെ സെഞ്ച്വറി മികവില്‍ 223 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ കൊല്‍ക്കത്തയെ ഇംപാക്ട് പ്ലെയറായി എത്തി സെഞ്ച്വറി നേടിയ ജോസ് ബട്‌ലറുടെ 107*(60) മികവില്‍ അവസാന പന്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.

സ്‌കോര്‍ കൊല്‍ക്കത്ത 223-6 (20) രാജസ്ഥാന്‍ 224-8 (20)

വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് വേണ്ടി ജോസ് ബട്‌ലര്‍ക്ക് പുറമേ റിയാന്‍ പരാഗ് 34(14), റോവ്മാന്‍ പവല്‍ 26(13) എന്നിവര്‍ തിളങ്ങി. ജയ്‌സ്‌വാള്‍ 19(9), ക്യാപ്റ്റന്‍ സഞ്ജു സാസംണ്‍ 12(8) എന്നിവര്‍ പെട്ടെന്ന് പുറത്തായിട്ടും ബട്‌ലര്‍ ഒരറ്റത്ത് നിന്ന് പൊരുതി. ഒമ്പത് ബൗണ്ടറിയും ആറ് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത സുനില്‍ നരെയ്ന്‍ നേടിയ സെഞ്ച്വറി 109(56) മികവിലാണ് പടുകൂറ്റന്‍ സ്‌കോര്‍ നേടിയത്. അന്‍ക്രിഷ് രഘുവംശി 30(18) നരെയ്‌ന് മികച്ച പിന്തുണ നല്‍കി. റിങ്കു സിംഗ് ഒമ്പത് പന്തില്‍ 20 റണ്‍സ് നേടി.

ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് ജയവും ഒരു തോല്‍വിയും സഹിതം 12 പോയിന്റുമായി രാജസ്ഥാന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുള്ള കൊല്‍ക്കത്ത പട്ടികയില്‍ രണ്ടാമതാണ്.