theyyam

ലണ്ടൻ: ബ്രിട്ടനിലെ മലയാള നാടക വേദിയുടെ അഭിമാനമായി നിറഞ്ഞു നിൽക്കുന്ന MAUKയുടെ നാടക വിഭാഗമായ ദൃശ്യകല അവതരിപ്പിച്ച ഇരുപത്തിരണ്ടാമത് നാടകം “തെയ്യം”, എസ്സെക്സിലെ കാമ്പിയൻ സ്കൂൾ ഹാളിൽ അവതരിപ്പിച്ചു. ഇതിന് മുമ്പുള്ള ദൃശ്യകലയുടെ നാടകങ്ങൾക്ക് കിട്ടിയ സ്വീകരണങ്ങളെയൊക്കെ മറി കടന്ന് ആഹ്ലാദത്തിമിർപ്പിൽ ഹർഷാരവം മുഴക്കി കാണികൾ നാടകത്തെ സ്വീകരിച്ചത്. ഒരു വലിയ സംഘം കലാപ്രതിഭകൾ മറ്റൊരു വലിയ സംഘം സാങ്കേതിക പ്രവർത്തകരുടെ സഹായത്തോടെ “തെയ്യം” നാടകം ഒരു നല്ല നാടകീയ അനുഭവമാക്കി മാറ്റുകയായിരുന്നു. രാജൻ കിഴക്കനേലയുടെ രചനയിൽ വന്ന നാടകം ശശി എസ് കുളമടയുടെ സംവിധാനത്തിൽ ദൃശ്യകല നിറഞ്ഞ സദസിലേക്ക് കൊണ്ട് വന്നു വിജയം കൊയ്തെടുക്കുകയായിരുന്നു.


തെയ്യം എന്ന പ്രാക്തന കലയുടെ പിന്നിലുള്ള കഥയുടെയും വിശ്വാസങ്ങളുടെയും പശ്ചാത്തലത്തിൽ പ്രേമത്തിന്റെയും പ്രേമ നൈരാശ്യങ്ങളുടെയും പ്രതികാരത്തിന്റെയും ചതിയുടെയും വിശ്വാസങ്ങളുടെയും വിശ്വാസവഞ്ചനയുടെയും എല്ലാറ്റിനുമുപരി സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും കഥ പറയുന്ന നാടകമാണ് “തെയ്യം”. രണ്ട് തെയ്യങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യങ്ങൾ കോർത്തിണക്കി തെയ്യം കലാകാരന്മാരുടെയും അവരുടെ രക്ഷാധികാരിയുടെയും ജീവിതത്തിലെ സംഘർഷം നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയാണ് “തെയ്യം” എന്ന നാടകം കാണികളെ കൂട്ടിക്കൊണ്ട് പോകുന്നത്. തെയ്യങ്ങളുടെ സ്ഫോടനാത്മകമായ കഥകളും തെയ്യം കലാകാരന്മാരുടെ കെട്ടുകഥകളെ വെല്ലുന്ന ജീവിതവും ഇഴ ചേർന്നു പോകുന്നതായി നമ്മൾ കാണുകയാണ്.

theyyam

കഥാസാരം

ഐതിഹ്യം ഇങ്ങനെ ഇതൾ വിടരുന്നു. ഒരിക്കൽ മഹാപണ്ഡിതൻ പെരിഞ്ചല്ലൂർ പണ്ഡിതരോട് തർക്കശാസ്ത്രത്തിൽ എതിരിടാൻ പയ്യന്നൂർ മണിഗ്രാമത്തിൽ നിന്നും ആളെ കൂട്ടിക്കൊണ്ടുവരാൻ നാടുവാഴിയെ അയച്ചിരുന്നു. നാടുവാഴി ഉച്ചില എന്ന യുവതിയെ സമീപിച്ച് കാര്യം ബോധിപ്പിയ്ക്കുകയും ഉച്ചില പണ്ഡിതരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നു . രയരമംഗലം സഭയിൽ വച്ച് നടന്ന തർക്കത്തിൽ നിരവധിപ്രാവശ്യം ഉച്ചില പണ്ഡിതരെ പരാജയപ്പെടുത്തുകയും ഒടുവിൽ യുക്തിവാദം കൊണ്ട് ഉച്ചിലയെ പരാജയപ്പെടുത്താൻ സാധിയ്ക്കില്ലന്ന് മനസ്സിലാക്കിയ പണ്ഡിതർ ചതിയ്ക്കുന്ന ഒരു ചോദ്യത്തിലൂടെ ഉച്ചിലയെ മാനസികമായി പീഡിപ്പിയ്ക്കുകയും , അപമാനിയ്ക്കുകയും ചെയ്യുന്നു . ഒടുവിൽ സമുദായത്തിൽ നിന്നും ഭ്രഷ്ട് കല്പിച്ചു നാടുകടത്തിയ ഉച്ചില അഗ്‌നികുണ്ഠത്തിൽ വിലയം പ്രാപിയ്ക്കുകയും തെയ്യമായി ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്നു . ഉച്ചിലയാണ് മുച്ചിലോട്ടുഭഗവതി തെയ്യമായി മാറിയതെന്നത് ഐതീഹ്യം.

പൂത്തില്ലം പെരിയതംബ്രാന്റെ അടിയനായ യുവാവിന്റെ കഥയാണ് കുഞ്ഞിവിരുന്തന്റേത്. ഇതാണ് രണ്ടാം തെയ്യത്തിന്റെ പിന്നിലെ ഐതിഹ്യം. ചെറിയക്കുട്ടി തമ്പുരാട്ടിയുടെ ആഗ്രഹത്തിന്‌ വഴങ്ങാൻ തയ്യാറാകാതിരുന്ന കുഞ്ഞിവിരുന്തനെ നൈരാശ്യവും , പകയും മൂത്ത തമ്പുരാട്ടി കള്ളക്കഥയുണ്ടാക്കി തമ്പ്രാന്റെ ശിങ്കിടികളായ മല്ലന്മാരെക്കൊണ്ട് തൊഴിച്ചവശനാക്കി മരുതു മരത്തിൽ തൂക്കികൊല്ലുകയും തെയ്യമായി മാറിയ കുഞ്ഞിവിരുന്തൻ പ്രതികാരദാഹിയായി മാറുകയും തമ്പുരാനെ ചവിട്ടിക്കൊലപ്പെടുത്തുകയും ചെയ്യുന്നു . ഇതാണ് മരുതിയോടൻ കുരിക്കൾ എന്നറിയപ്പെടുന്ന തെയ്യത്തിന്റെ കഥ.

ഇവിടെ സമാന്തരമായി തെയ്യം കലാകാരന്മാരുടെ ജീവിത കഥയിലേക്ക് വരുന്നെങ്കിലും അവരുടെ ജീവിതം കെട്ടുകഥകളെ പിന്നിലാക്കുന്ന സംഘർഷങ്ങളിലേക്കും നാടകീയതയിലേക്കുമെത്തുകയാണ്. തെയ്യം കലാകാരന്മാരുടെ രക്ഷാധികാരിയായി വിലസുന്ന കീഴില്ലത്ത് തമ്പുരാൻ (നാഷ് റാവുത്തർ) ജാതി മത സങ്കുചിതത്വങ്ങൾക്കപ്പുറം ചിന്തിക്കുന്ന വിശാല മനസ്കൻ എന്ന് സ്വയം കൊട്ടിഘോഷിക്കുന്നെങ്കിലും ജാതി ശ്രേണിയിൽ പിന്നിൽ നിൽക്കുന്ന ചെക്കിനി പണിക്കരുടെയും (ബാബു) കുഞ്ഞിമാണിയുടെയും (ബീന പുഷ്കാസ്) വളർത്തു മകൻ കണാരന് (ജെയിൻ കെ ജോൺ) തമ്പുരാന്റെ മകളിൽ അനുരാഗമുദിക്കുന്നു എന്നതു ചിന്തിക്കാൻ കൂടി കഴിയുന്ന കാര്യമല്ല. പ്രകോപിതനായ തമ്പുരാൻ പണിക്കരെയും കുഞ്ഞിമാണിയേയും കുടുംബത്തേയും അവരുടെ ശതാബ്ദങ്ങളായി ജീവിച്ചിരുന്ന വീട്ടിൽ നിന്നും പുറത്താക്കാൻ കള്ള പ്രമാണം ചമച്ച് നിർബന്ധമായി ഒപ്പിടുവിക്കുന്നു.

ഇതേ സമയം തന്നെയാണ് തമ്പുരാന്റെ മകൾ സുമംഗലിക്ക് (മഞ്ജു മന്ദിരത്തിൽ) ജാതി ശ്രേണിയിൽ പിന്നോക്കം നിൽക്കുന്ന ഉന്നത ബിരുദധാരിയായ അമ്പുണ്ണിയിൽ (ജെയ്സൺ ജോർജ്) അനുരാഗമുദിക്കുന്നതും. പക്ഷേ അമ്പുണ്ണിയുടെ സ്നേഹം പണിക്കരുടെ മകൾ മാതുക്കുട്ടിയോടാണ് (റാണി രഘുലാൽ) എന്നറിയുന്ന സുമംഗലി മരുതിയോടൻ കുരിക്കൾ തെയ്യത്തിലെ ഐതിഹ്യം പോലെ പ്രതികാര ദാഹിയായി മാറുകയാണ്.

തമ്പുരാൻ ചതിയുടെ തന്ത്രങ്ങൾ മെനയുകയാണ്, ആദ്യ ഗഡു എന്ന നിലയിൽ മാനസികമായി പിന്നോക്കം നിൽക്കുന്ന മകൻ വാസുദേവനെ (കീർത്തി സോമരാജൻ) കൊണ്ട് മാതുക്കുട്ടിയെ കൂടെ താമസിപ്പിക്കുന്നു. വിവാഹം ഒരു വർഷത്തിനകം നടത്താം എന്ന വാഗ്ദാനത്തോടെ. പക്ഷേ സമയം കഴിഞ്ഞിട്ടും വിവാഹം നടക്കുന്നില്ല. തമ്പുരാന്റേത് ചതി എന്ന് പണിക്കരും കുടുംബവും മനസ്സിലാക്കുന്നതോടെ ഉന്നതങ്ങളിൽ വാണ തമ്പുരാനെ നിലത്തിറക്കി പാഠം പഠിപ്പിക്കുകയാണ്. തമ്പുരാന്റെ മകൻ വാസുദേവൻ മാതുക്കുട്ടിയെ താലി കെട്ടുന്നതോടൊപ്പം മകൾ സുമംഗലിയും കണാരനുമായുള്ള വിവാഹത്തിന് തമ്പുരാന് സമ്മതം മൂളേണ്ടിയും വരുന്നു.

റിവ്യൂ



സീറ്റിൽ മുറുകെപ്പിടിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന മിന്നൽപ്പിണർ ശക്തിയോടെയാണ് നാടകത്തിന്റെ കർട്ടൻ ഉയരുന്നതു മുതൽ കാണികളെ കൊണ്ട് പോകുന്നത്. തെയ്യത്തിന്റെ ഐതിഹ്യവും കലാകാരന്മാരുടെ ജീവിത കഥകളും കോർത്തിണക്കി ഒരുക്കിയ നാടകം. തെയ്യത്തിന്റെ ഐതിഹ്യമേത് ജീവിതകഥയേതെന്ന് വകഞ്ഞു മാറ്റാൻ പറ്റാത്ത വിധം പരസ്പര ബന്ധമുള്ളതും ഏകതാനത സൂക്ഷിക്കുന്നതും ആയ നിലയിലാണ് നാടകം എഴുതി സംവിധാനം ചെയ്തവതരിപ്പിച്ചിരിക്കുന്നത്. മലയാളി അസോസിയേഷൻ ഓഫ് ദ യുകെയുടെ നാടക വിഭാഗമായ “ദൃശ്യകല” ഇരുപത്തിരണ്ടു നാടകം അവതരിപ്പിച്ചതിൽ ഏറെ ആകർഷിച്ച നാടകമായി “തെയ്യം” ഉയർന്നു നിൽക്കുന്നു.

ഇരുപതിലധികം നടീ നടന്മാർ, തെയ്യം എന്ന കലാരൂപം, അനുയോജ്യമായ സംഗീതം, എല്ലാപേരുടെയും ശബ്ദം വ്യക്തമായി കേൾക്കാൻ പറ്റുന്ന ശബ്ദ നിയന്ത്രണം, നാടകത്തിന്റെ അർത്ഥ തലങ്ങൾക്ക് അടിവരയിടുന്ന വെളിച്ചം. ഇതൊക്കെ പ്രഗൽഭമായ രീതിയിൽ കോർത്തിണക്കുകയായിരുന്നു സംവിധായകൻ ശശി എസ് കുളമട. ഇതിൽ ഒരു മുഴച്ചു നിൽക്കലും കണ്ടില്ല എന്നതാണ് നാടകത്തിന്റെയും സംവിധാനത്തിന്റെയും മികവ്.

സ്റ്റേജിൽ നടീ നടന്മാരെ വിന്യസിക്കുമ്പോൾ അതൊരു തുടർച്ചയായ ചിത്രം വരയ്ക്കലാണ്. വരയ്ക്കുകയും അഴിച്ചു വീണ്ടും വരയ്ക്കുകയും ചെയ്യുന്ന ചിത്രങ്ങൾ. അങ്ങനെ മനോഹരമായ ചിത്രം വരയ്ക്കുകയാണ് സംവിധായകൻ പലപ്പോഴും. കാഴ്ചയ്ക്ക് ഭംഗി പകരുന്ന നാടക മുഹൂർത്തങ്ങൾക്ക് കൂടുതൽ അർത്ഥം നേടുന്ന സ്റ്റേജ് കോമ്പോസിഷൻ.

മലയാളി അസോസിയേഷൻ ഓഫ് ദ യുകെ യ്ക്കും ദൃശ്യകലയ്ക്കും ഏറെ അഭിമാനം നൽകുന്ന നാടകമാണ് “തെയ്യം”.