
സിനിമയിൽ മുന്നേറുന്ന യാത്രയിൽ സജിൻ ഗോപു
ഫഹദ് ഫാസിൽ നായകനായി ജിതു മാധവൻ സംവിധാനം ചെയ്ത ആവേശം 100 കോടി ക്ളബ് കടന്ന് ആവേശം ഉയർത്തുന്ന കാഴ്ച കണ്ട് സജിൻ ഗോപു നിറഞ്ഞു ചിരിക്കുന്നു.ആവേശത്തിൽ സജിൻ ഗോപുവിന്റെ സിറ്റുവേഷനൽ കോമഡികൾ ഉയർത്തുന്നത് വലിയ പൊട്ടിച്ചിരികൾ. ഫഹദിനൊപ്പം ഫ്രെയിം ടു ഫ്രെയിം നിറഞ്ഞു നിൽക്കുന്ന പ്രകടനം. ചുരുളിയിലെ ജീപ്പ് ഡ്രൈവർ, ജാൻ. എ. മന്നിലെ സജിയേട്ടൻ, രോമാഞ്ചത്തിലെ നിരൂപ്, ചാവേറിലെ ആസിഫ് , കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി മാറുന്ന അതേ ടിക്കറ്ര് തന്നെ സജിൻ ഗോപുവിന് അമ്പാനും നൽകുന്നു.
ഫഹദിനൊപ്പം
ആദ്യം
വലിയ സിനിമ. വലിയ കഥാപാത്രം .പ്രതിഭാധനരായ താരങ്ങളും സാങ്കേതിക വിദഗ്ദരും . ഫഹദ് ഫാസിലിന് ഒപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്നു. അത് ഇത്ര പെട്ടെന്ന് നടക്കുമെന്ന് കരുതിയില്ല.ഞാൻ ഇതുവരെ ചെയ്തതിൽ വ്യത്യസ്തമായ കഥാപാത്രമാണ് അമ്പാൻ. കുറച്ച് ഹൈപ്പറും ഹ്യൂമറും നിറഞ്ഞ കഥാപാത്രം.
ജിതു സംവിധാനം ചെയ്ത രോമാഞ്ചത്തിന് ശേഷം ഞാനും മികച്ച യാത്രയിലാണ് . അന്നും ജിതു ഒരുപാട് ഇൻപുട്ട് തന്നിട്ടുണ്ട്. ആവേശത്തിലും ഒരുപാട് ഇൻപുട്ട് തന്നു. വിഷുവിനും പെരുന്നാളിനും എന്റെ സിനിമ റിലീസ് ചെയ്യുന്നത് ആദ്യമായാണ്. അതിന്റെ സന്തോഷത്തിലാണ് ഞാനും വീട്ടുകാരും.ബേസിൽ ജോസഫ് നായകനായി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രതിനായക വേഷം അവതരിപ്പിക്കുന്നു.ആദ്യമായാണ് വില്ലൻ വേഷം.
പേര്
അറിയില്ല
കഥാപാത്രത്തിന്റെ പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. അധികംപേർക്കും എന്റെ പേര് അറിയില്ല. ചുരുളി ഇറങ്ങിയ സമയത്ത് തങ്കു എന്ന് വിളിച്ചു. ഇപ്പോൾ അമ്പാൻ എന്നും. കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത് സന്തോഷം തരുന്നു.
ഇനി ഒന്ന് രണ്ട് സിനിമ കൂടി കഴിഞ്ഞാൽ പേര് എല്ലാവരിലും എത്തുമെന്നാണ് പ്രതീക്ഷ.
ഡിഗ്രി കഴിഞ്ഞ ശേഷമാണ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടാവുന്നത്. ഒാഡിഷൻ ചെയ്യാൻ തുടങ്ങി. വീട്ടുകാരെ കൂടുതൽ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു. സിനിമ മോഹം കാരണം പിന്നീട് അത് ഉപേക്ഷിച്ചു.ഇതിനിടെ കുറച്ച് നാടകത്തിലും അഭിനയിച്ചു.
തിലോത്തമ , മുംബൈ ടാക്സി എന്നീ ചിത്രങ്ങളിൽ തല കാണിച്ചിട്ടുണ്ട്. ചുരുളിയും ജാൻ. എ. മന്നും ഒരേദിവസം ആണ് റിലീസ് ചെയ്തത്.രണ്ടും ശ്രദ്ധിക്കപ്പെട്ടത് തുടക്കക്കാരനായ എനിക്ക് ഭാഗ്യം തന്നെയാണ്.ആലുവ ആണ് നാട്. അച്ഛൻ, അമ്മ, അനിയൻ എന്നിവരാണ് വീട്ടിൽ . അനിയൻ അസിസ്റ്റന്റ് ഡയറക്ടറായി ഒരു സിനിമ ചെയ്യുന്നു. അവനും സിനിമയാണ് താത്പര്യം.