
''സ്വന്തം താത്പര്യങ്ങൾക്കായി, ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നൊരു വാശി വിവേകമുള്ളവരാരും കൊണ്ടുനടക്കാറില്ല. അപ്രകാരമൊരു ജീവിതശൈലി അറിഞ്ഞോ അറിയാതെയോ ശീലമാക്കിയവർക്ക് എന്തായിരിക്കും സംഭവിച്ചു കാണുകയെന്ന് അറിയാൻ അത്തരക്കാരുടെ പിന്നാലെ പോയി നോക്കേണ്ട ആവശ്യവുമില്ല. കാരണം, ജയിലിൽ അത്രയെളുപ്പം എല്ലാവർക്കും പ്രവേശനം കിട്ടില്ലല്ലോ!""- പ്രഭാഷകന്റെ വാക്കുകൾ കേട്ട സദസ്യർക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. സദസ്യരെ വാത്സല്യപൂർവം നോക്കി അദ്ദേഹം തുടർന്നു:
''യുക്തിപൂർവം ചിന്തിക്കാനുള്ള കഴിവാണ് മനുഷ്യനെ വിവേകമുള്ള ജീവിതം നയിക്കാൻ സഹായിക്കുന്നത്. എന്നാൽ, വിവേകമുണ്ടെന്നു സമൂഹം കരുതുന്ന ചില മനുഷ്യർ പോലും ജീവിതത്തിലെ പല കാര്യങ്ങളും നിസ്സാരങ്ങളായി കാണാറുണ്ട്. ശരിയായി ചിന്തിച്ചാൽ, നിസ്സാരമെന്നു നമ്മൾ കരുതുന്ന പലതും അത്ര നിസ്സാരമല്ലെന്ന് ബോദ്ധ്യപ്പെടും! ദൈനംദിന കാര്യങ്ങളിൽപ്പോലും ടെൻഷൻ കൊണ്ടുനടക്കണമെന്നല്ല ഈ പറഞ്ഞതിന് അർത്ഥം. മാനസിക പിരിമുറുക്കം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നു മാത്രമല്ല, അത് നമ്മുടെ മാനസിക- ശാരീരിക ആരോഗ്യത്തിന് ഹാനികരമാണെന്നതിന് ശാസ്ത്രീയ പിൻബലവുമുണ്ട് !
അതിനാൽ, ജീവിതത്തിൽ നമ്മൾ ശ്രമിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ, വലുതും ചെറുതുമായ എല്ലാ കാര്യങ്ങളും, അവയുടെ പ്രാധാന്യം മനസ്സിലാക്കി, യുക്തിപൂർവം ചിന്തിച്ചു തന്നെ തീരുമാനിക്കുക. ചിന്തിച്ചു തീരുമാനിച്ച കാര്യങ്ങളിൽപ്പോലും, എവിടെയോ പിഴച്ചുപോയില്ലേ എന്ന് പിന്നീട് തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളിൽ ദുരഭിമാനമില്ലാതെ ആ കാര്യം ഒന്നുകൂടി ശരിയായി വിലയിരുത്തി, വേണ്ട തിരുത്തലുകൾ വരുത്താൻ ശ്രമിക്കുന്നതു തന്നെയാണ് ബുദ്ധി. വിജയം എളുപ്പമാണെന്ന അമിത വിശ്വാസത്തിൽ യുദ്ധത്തിനിറങ്ങിയ വീരനായ രാജാവ്, ദയനീയ പരാജയത്തിനു ശേഷമാണ് അതിന്റെ കാരണം അന്വേഷിച്ചിറങ്ങിയത്. ആ കാരണം അറിഞ്ഞപ്പോൾ അദ്ദേഹം ഞെട്ടി!തന്റെ ചില ഭടന്മാരുടെ കുതിരകളുടെ കാലുകളിൽ തറച്ചിരുന്ന ലാടങ്ങളുടെ ആണി ഇളകിപ്പോയിരുന്നതുകൊണ്ട് അവയ്ക്ക് യുദ്ധക്കളത്തിൽ ഏറെനേരം കുളമ്പുറപ്പിച്ച് നിൽക്കാൻ കഴിഞ്ഞില്ല!
പക്ഷെ, ഈ രാജാവിന് മറ്റൊരു വലിയ തെറ്റു പറ്റിയ കാര്യം നിങ്ങൾ ശ്രദ്ധിച്ചുകാണില്ല. അത്മവിശ്വാസം നല്ലതാണ്. എന്നാൽ, അമിത വിശ്വാസം ഒന്നിലും നന്നല്ല! മഹാനായ അലക്സാണ്ടർ ചക്രവർത്തി ഒരിക്കൽ ഒരു പട്ടാള ക്യാമ്പിൽ ചെന്നപ്പോൾ അവിടെ ഒരു മൃതശരീരം മറവു ചെയ്യുന്ന ചടങ്ങു നടക്കുകയായിരുന്നു. ആരാണ് മരിച്ചതെന്ന് അന്വേഷിച്ചപ്പോൾ മറ്റുള്ളവർ മറുപടി നല്കിയത് 'ഒരു ഭടൻ" എന്നായിരുന്നു. ചക്രവർത്തി രഹസ്യമായി അന്വേഷിച്ചപ്പോൾ അയാളുടെ പേര് അലക്സാണ്ടർ എന്നാണെന്ന് മനസിലായി. ചക്രവർത്തിക്കും ഭടനും ഒരേ പേരായതുകൊണ്ടാണ് മറ്റുള്ളവർ അത് മറച്ചുവച്ചതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ, അധികാരത്തിന്റെ കൊടുമുടി കീഴടക്കിയെന്ന മൂഢചിന്തയിൽ കഴിയുന്ന എല്ലാവരും കേൾക്കേണ്ടതാണ്.
ചക്രവർത്തി ചോദിച്ചു: ഒരു ഭടൻ എങ്ങനെയാണ് വെറുമൊരു ഭടനാകുന്നത്? ഓരോ ഭടനും യുദ്ധക്കളത്തിലെ ധീരയോദ്ധാവാണ്. അതുകൊണ്ട് നമുക്കൊപ്പമുള്ള ഓരോ മനുഷ്യനെയും മാന്യമായും അന്തസോടെയും പരിഗണിക്കുകയും പരാമർശിക്കുകയും വേണം. ഒരാളെയും അവജ്ഞയോടെ കാണാതിരിക്കുക. ഒന്നും നിസാരമായി അവഗണിക്കാതെയുമിരിക്കുക."" പ്രഭാഷകൻ പറഞ്ഞു നിറുത്തി.