marketmarket

പാലക്കാട്: കൊടുംചൂടിൽ നാടും നഗരവും വെന്തുരുകുമ്പോൾ വിപണിയിലെ വിലയും പൊള്ളിക്കുന്നു. റമദാൻ-വിഷു ആരംഭത്തിൽ തുടങ്ങിയ വിലവർദ്ധന മുകളിലേക്കു തന്നെയാണ്. പഴം-പച്ചക്കറി വിഭവങ്ങൾക്കാണ് മാർക്കറ്റിൽ വില കുത്തനെ ഉയർന്നത്. 180 രൂപ വരെ വിലയുണ്ടായിരുന്ന ആപ്പിളിന് ഇപ്പോൾ 220 മുതൽ 260 വരെയാണ് വില. രണ്ടാഴ്ച മുമ്പ് 100 രൂപക്ക് നാലു കിലോയിലേറെ മുന്തിരി പാക്കറ്റാക്കി വാഹനങ്ങളിൽ വിറ്റിരുന്നു. എന്നാലിപ്പോൾ കിലോയ്ക്ക് 90 രൂപയായി വില ഉയർന്നു.


തണ്ണിമത്തൻ 25-30, ഓറഞ്ച് 90, പൈനാപ്പിൾ 70, നേന്ത്രപ്പഴം 60, മൈസൂർ പൂവൻ 50, ഞാലിപ്പൂവൻ 70, സപ്പോട്ട 90, മുസമ്പി 90, ചോളം 40, മാങ്ങ 140, മാതളങ്ങ 180 എന്നിങ്ങനെയാണ് വില. പച്ചക്കറികൾക്കും ഇതോടൊപ്പം വില ഉയർന്നിട്ടുണ്ട്. ഉരുളക്കിഴങ്ങിനും വെളുത്തുള്ളിക്കും ഇഞ്ചിക്കുമാണ് വില കൂടിയത്. വെളുത്തുള്ളി വില 300 രൂപയിലെത്തി. ഇഞ്ചി 200 രൂപ.


ഉരുളക്കിഴങ്ങ് വില 28ൽ നിന്ന് 40വരെയായി. ഉള്ളി 28ലും തക്കാളി 34ലും നിൽക്കുന്നു. തക്കാളിക്കും ഉള്ളിക്കും ഓരോ ദിവസവും വിലവ്യത്യാസം വരുന്നുണ്ട്. 26 രൂപയുണ്ടായിരുന്ന കക്കിരിവില 70 രൂപയിലെത്തി നിൽക്കുന്നു. കാബേജ് വില 110 ആണ്. കാരറ്റ് വില 70. പയർ 80 വെണ്ടക്ക 70, മുരിങ്ങ 100, കണിക്കാവശ്യമായ വെള്ളരി വില 44 രൂപയിലെത്തി വേനൽ കനത്തതോടെ ജ്യൂസ് വിഭവങ്ങൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. വേനൽമഴയുടെ വരവിനെ അപേക്ഷിച്ചാകും വിപണി. മഴയുണ്ടായില്ലെങ്കിൽ ഏപ്രിൽ പിന്നിടുന്നതോടെ മേയിൽ വില അമിതമായി ഉയർന്നേക്കാമെന്ന് വ്യാപാരികൾ പറയുന്നു.