
വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ വീണ്ടും തിരക്കേറുന്നു. നിരവധി കുടുംബങ്ങളാണ് വേനലവധി ആഘോഷിക്കാൻ പൊൻമുടിയിൽ എത്തുന്നത്. പൊൻമുടിക്ക് പുറമെ വിതുര, തൊളിക്കോട് മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളായ കല്ലാർ, മീൻമുട്ടി വെള്ളച്ചാട്ടം, വാഴ്വാൻതോൽ വെള്ളച്ചാട്ടം, പേപ്പാറ, ചാത്തൻകോട്, ചീറ്റിപ്പാറ എന്നീ ടൂറിസം കേന്ദ്രങ്ങളിലും ഒരിടവേളയ്ക്കു ശേഷം സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. വിഷുദിനത്തിൽ ആയിരങ്ങളാണ് പൊൻമുടിയിലെത്തിയത്.
ഒരാഴ്ച മുൻപുവരെ പൊൻമുടിയിൽ ശക്തമായ വേനൽച്ചൂടാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇടയ്ക്കിടക്ക് വേനൽ മഴ പെയ്തതോടെ വരണ്ടുണങ്ങിക്കിടന്നിരുന്ന പൊൻമുടിയുടെ മുഖച്ഛായ തന്നെ മാറിമറിഞ്ഞു.
സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൊൻമുടിയിൽ സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇക്കുറി സഞ്ചാരികളുടെ കുറവുമൂലം വനംവകുപ്പിന് പാസ് ഇനത്തിൽ ലഭിക്കേണ്ട വരുമാനവും ഗണ്യമായി കുറഞ്ഞു.
കാട്ടാനശല്യം
പൊൻമുടി - കല്ലാർ റൂട്ടിൽ കാട്ടാനശല്യം രൂക്ഷമാണ്.കല്ലാർ ഗോൾഡൻവാലി മുതൽ പത്താംവളവ് വരെയുള്ള ഭാഗത്താണ് പകൽസമയത്തു പോലും കാട്ടാന ശല്യമുള്ളത്. രാത്രിയിൽ റോഡിലാണ് ഉറക്കം.പുലർച്ചെ ബസ് എത്തുമ്പോഴാണ് വനത്തിനുള്ളിലേക്ക് പോകുന്നത്. കടുത്ത ചൂട് മൂലമാണ് കാട്ടാനകൾ റോഡിലേക്ക് ഇറങ്ങുന്നതെന്നാണ് വനം വകുപ്പ് പറയുന്നത്.സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമുണ്ട്.
വെള്ളമില്ല
ഒരാഴ്ചയായി കൊടിയ വേനൽച്ചൂടിന് ശമനമേകി പൊൻമുടിയിൽ ഉച്ചതിരിഞ്ഞ് വേനൽ മഴ പെയ്യുകയും തുടർന്ന് മൂടൽമഞ്ഞും വ്യാപിക്കുന്നുണ്ട്.ഇതോടെ പൊൻമുടി വീണ്ടും സജീവമായി മാറി. അതേസമയം പൊൻമുടി മേഖലയിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. കുടിനീർക്ഷാമം തോട്ടംതൊഴിലാളികളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വനമേഖലയിലെ നീരുറവകളും നീർച്ചാലുകളും മറ്റും കടുത്ത ചൂടുമൂലം ഇതിനകം വറ്റിക്കഴിഞ്ഞു. കാട്ടുമൃഗങ്ങൾ തീറ്റയും വെള്ളവും തേടി പൊൻമുടി മേഖലയിൽ ഇറങ്ങി നാശവും ഭീതിയും പരത്തുന്നുണ്ട്.
പൊൻമുടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ യാത്രാസൗകര്യം പരിഗണിച്ച് വിതുര,പാലോട്,ആര്യനാട്,നെടുമങ്ങാട്, തിരുവനന്തപുരം,നെയ്യാറ്റിൻകര,കാട്ടാക്കട,ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്ന് പൊൻമുടിയിലേക്ക് കൂടുതൽ ബസ് സർവീസ് ആരംഭിക്കണം.
ഫ്രാറ്റ് വിതുര മേഖലാ
കമ്മിറ്റി ഭാരവാഹികൾ