jagadeesh

വിജി തമ്പി സംവിധാനം ചെയ‌്ത് 1992ൽ പുറത്തിറങ്ങിയ ചിത്രമാണ് തിരുത്തൽവാദി. കലൂർ ഡെന്നിസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ ജഗദീഷും സിദ്ദിഖുമായിരുന്നു നായകന്മാർ. ഉർവശി, ശിവരഞ്ജിനി എന്നിവരാണ് നായികമാരായി എത്തിയത്. ചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവയ‌്ക്കുകയാണ് വിജി തമ്പി.

വിജി തിമ്പിയുടെ വാക്കുകൾ-

''തിരുത്തൽവാദി എന്ന സിനിമ പ്ളാൻ ചെയ്യുന്ന സമയം. ആ കാലത്ത് ജഗദീഷ് നായകനായി ഒരുപാട് ചിത്രങ്ങൾ വന്നു. പക്ഷേ പല പടങ്ങളും സാമ്പത്തികമായി തകർന്നവയായിരുന്നു. ജഗദീഷിന്റെ മാർക്കറ്റ് പെട്ടെന്നങ്ങ് ഡൗൺ ആയി. ജഗദീഷിനെ തിയേറ്ററിൽ കണ്ടാൽ ജനങ്ങൾ കൂവും എന്ന അവസ്ഥ വന്നപ്പോഴായിരുന്നു തിരുത്തൽവാദിയുടെ റിലീസ്. സിനിമയുടെ പ്രിവ്യുവിന്റെ സമത്ത് കലൂർ ഡെന്നീസും വന്നിരുന്നു.

ചിത്രത്തിൽ ജഗദീഷിന്റെ ഇൻട്രൊഡക്ഷൻ സീൻ വലിയ ബിൽഡപ്പ് കൊടുത്താണ് ചെയ‌്തിരുന്നത്. അതുവരെ ഉണ്ടായിരുന്ന അയാളുടെ ഇമേജ് മാറ്റിമറിയ‌്ക്കുന്നതായിരുന്നു അത്. പ്രിവ്യു കഴിഞ്ഞതും ഡെന്നിച്ചൻ എന്നോട് പറഞ്ഞു, തമ്പി ആ ജഗദീഷിന്റെ സീൻ വെട്ടണം. അത് കാണിച്ചാൽ ആളുകൾ കൂവും. വെറുതെ എന്തിനാണ് സിനിമ നശിപ്പിക്കുന്നതെന്നായിരുന്നു ഡെന്നിച്ചന്റെ ചോദ്യം. പക്ഷേ റിസ്‌ക് എടുക്കാൻ ഞാൻ തീരുമാനിച്ചു. സിനിമ തിയേറ്ററിൽ എത്തിയപ്പോൾ ആ സീൻ ജഗദീഷിന് വലിയ കൈയടി നേടിക്കൊടുത്തു. ജഗദീഷിന് വീണ്ടുമൊരു ലിഫ്‌റ്റായിരുന്നു തിരുത്തൽവാദി എന്ന ചിത്രം''.