sanju-samson

മുംബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിക്കുന്നതിന് തൊട്ട് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പിനായി പറക്കും. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഫൈനലിലേറ്റ അപ്രതീക്ഷിത തോല്‍വി, 11 വര്‍ഷമായി കൊതിപ്പിക്കുന്ന ഐസിസി കിരീടം. നേടാനും തെളിയിക്കാനും ഒട്ടേറെയുണ്ട് രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും. ഐപിഎല്‍ സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ തന്നെ ലോകകപ്പ് ടീമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും ഒപ്പം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ ഇക്കാര്യം ചര്‍ച്ച നടത്തുകയും ചെയ്തു.

ഇന്ത്യയെ സംബന്ധിച്ച് എല്ലാ പൊസിഷനുകളിലേക്കും അവസരം കാത്തിരിക്കുന്ന ഒന്നിലധികം താരങ്ങളുണ്ട്. യുവത്വവും പരിചയസമ്പന്നതയും ഒരുപോലെ പരിഗണിച്ച ശേഷമായിരിക്കും അന്തിമ ടീം പ്രഖ്യാപനം. എന്നാല്‍ ടീം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണ പരിശീലകനും സെക്ടര്‍ക്കും രോഹിത് ശര്‍മ്മ നല്‍കിക്കഴിഞ്ഞുവെന്നാണ് വിവരം. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയുമായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കപ്പ് ഓപ്പണറായി യുവ താരങ്ങളായ ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്‌വാള്‍ എന്നിവരെ പരിഗണിക്കും.

സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പില്‍ ശ്രേയസ് അയ്യര്‍ ഭംഗിയായി കളിച്ച നാലാം നമ്പര്‍ സ്‌പോട്ടിലേക്ക് യുവതാരം റിയാന്‍ പരാഗിനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൊമസ്റ്റിക് സീസണിലും ഐപിഎല്ലിലും തുടരുന്ന മിന്നും ഫോം താരത്തിന് അനുകൂല ഘടകമാണ്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിക്കുന്നുണ്ടെങ്കിലും താരം ഐപിഎല്ലില്‍ സ്ഥിരമായി ബൗള്‍ ചെയ്ത് മികവ് കാണിച്ചാല്‍ മാത്രമേ ടീമില്‍ സ്ഥാനം നല്‍കുകയുള്ളൂവെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കിക്കഴിഞ്ഞു.

ബാറ്റര്‍ എന്ന നിലയില്‍ മാത്രം ഹാര്‍ദിക്കിനെ ടീമിലെടുക്കാന്‍ രോഹിത് ശര്‍മ്മയ്‌ക്കോ രാഹുല്‍ ദ്രാവിഡിനോ താത്പര്യമില്ല. ബാറ്റിംഗില്‍ പാണ്ഡ്യ തിളങ്ങുന്നുമില്ല. അതിനേക്കാള്‍ നല്ല രീതിയില്‍ റിങ്കു സിംഗ്, ശിവം ദൂബെ എന്നിവര്‍ കളിക്കുന്നുണ്ട്. ഐപിഎല്ലില്‍ ബൗള്‍ ചെയ്യുന്നില്ലെങ്കിലും ഓള്‍റൗണ്ടറാണ് ശിവം ദൂബെ. ഫാസ്റ്റ് ബൗളര്‍മാരുടെ കാര്യത്തിലും വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലുമാണ് ടീമില്‍ അന്തിമ ധാരണയാകാനുള്ളത്. ഇതില്‍ വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലാണ് രോഹിത്തിന് കൂടുതല്‍ തലവേദനയുണ്ടാകുന്നത്.

ഒരു കാലത്ത് മഷിയിട്ട് നോക്കിയാലും നല്ല വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ കിട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് അതല്ല അവസ്ഥ. ലോകകപ്പ് ടീമിലേക്കുള്ള വിളിയെത്തുമെന്ന് പ്രതീക്ഷിച്ച് ആറ് താരങ്ങളാണ് ഈ സ്ലോട്ടിനായി മത്സരിക്കുന്നത്. മുന്‍പന്തിയില്‍ തന്നെയുണ്ട് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍. കാറപകടത്തില്‍ പരിക്കേറ്റ ശേഷം മടങ്ങിയെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തും മികച്ച ഫോമിലാണ്. ഇവര്‍ രണ്ടുപേരും തമ്മിലാണ് അന്തിമ സ്‌ക്വാഡില്‍ എത്താനുള്ള പ്രധാന പോരാട്ടം.

സീസണില്‍ സഞ്ജു സാംസണ്‍ മൂന്ന് ഹാഫ് സെഞ്ച്വറി നേടിക്കഴിഞ്ഞു. റണ്‍വേട്ടയില്‍ പന്തിനെക്കാള്‍ മുന്നിലാണ് താരം. ഇതിനെല്ലാം പുറമേ രാജസ്ഥാനെ ഉഗ്രനായി നയിക്കുകയും ചെയ്യുന്നു. ഏഴ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന്റെ ടീം തോല്‍വി വഴങ്ങിയത്. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം സഞ്ജുവിനെ ബാധിക്കുന്നില്ലെന്ന് സാരം. മറുവശത്ത് ഡല്‍ഹിയാകട്ടെ തുടര്‍ തോല്‍വികളില്‍ വലയുകയാണ്. എന്നാല്‍ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ ഇരുവരും യോഗ്യരാണ്.

പന്തും സഞ്ജുവും പരസ്പരം പ്രകടനങ്ങള്‍ കൊണ്ട് വെല്ലുവിളിക്കുമ്പോള്‍ ഇരുവരേയും ഒപ്പം സ്വന്തം പ്രായത്തേയും വെല്ലുവിളിക്കുകയാണ് ദിനേശ് കാര്‍ത്തിക് എന്ന 38കാരന്‍. ലോകകപ്പ് തുടങ്ങുമ്പോള്‍ പ്രായം 39 ആകുമെങ്കിലും ദിനേശ് കാര്‍ത്തിക് തകര്‍ത്തടിക്കുകയാണ് ഐപിഎല്ലില്‍. മുംബയ് ഇന്ത്യന്‍സില്‍ രോഹിത്തിന്റെ സഹ ഓപ്പണര്‍ ഇഷാന്‍ കിഷനും മിന്നും ഫോമിലാണ്. ഇവര്‍ക്ക് പുറമേ ജിതേഷ് ശര്‍മ്മ, കെഎല്‍ രാഹുല്‍ എന്നിവരും അവസരം കാത്തിരിക്കുകയാണ്.