a

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിഫറന്റ് ആർട് സെന്ററിൽ വായനശാല തുറന്നു. റീഡബിലിറ്റി എന്ന പേരിൽ ആരംഭിച്ച വായനശാല സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു. സെന്ററിൽ മൂന്ന് വർഷമായി പരിശീലിക്കുന്ന ഓട്ടിസം ബാധിതനായ രംഗനാഥ് ലൈബ്രേറിയനായി ചുമതലയേറ്റു. രംഗനാഥിനുള്ള ഓഫർലെറ്ററും ഐ.ഡി കാർഡും ഡിഫറന്റ് ആർട് സെന്റർ ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ വിതരണം ചെയ്തു. ഷെൽഫിൽ അടുക്കിവച്ച പുസ്തകങ്ങളുടെ നമ്പറുകൾ രംഗനാഥ് കാണാതെ പറഞ്ഞത് ചടങ്ങിൽ പങ്കെടുത്തവരെ അത്ഭുതപ്പെടുത്തി. കൂടാതെ,​ 2019 മുതലുള്ള കൊവിഡ് കണക്കുകളും ഡി.എ.സി ജീവനക്കാരുടെ വാഹനനമ്പരുകളും ഞൊടിയിടയിൽ പറഞ്ഞതും ശ്രദ്ധേയമായി.

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എം.ഡി ഡോ. ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയായി.ഡി.എ.സി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്,​സനൽ പോറ്റി,ഡി.എ.സി ഇന്റർവെൻഷൻ ഡയറക്ടർ ഡോ.അനിൽ നായർ എന്നിവർ പങ്കെടുത്തു. വ്യത്യസ്‌തമേഖലയിൽ കഴിവ് തെളിയിച്ച നന്ദിതാബിജു,ഡിഫറന്റ് ആർട് സെന്ററിലെ പ്രതിഭകളായ വരുൺ രവീന്ദ്രൻ,ജി.ഹരിഗോവിന്ദ്,രംഗനാഥ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.