gas

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ത്രിണമൂല്‍ കോണ്‍ഗ്രസ്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നതാണ് മമത ബാനര്‍ജിയുടെ പാര്‍ട്ടി നല്‍കുന്ന ഏറ്റവും വലിയ വാഗ്ദാനം.മുന്നണിയിലെ കോണ്‍ഗ്രസും ഡിഎംകെയും നല്‍കിയതിന് സമാനമായ ഉറപ്പാണ് പൗരത്വ വിഷയത്തില്‍ മമതയും നല്‍കുന്നതെന്നത് ശ്രദ്ധേയമാണ്.

സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യ മുന്നണിയുമായി സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും പ്രകടന പത്രികയില്‍ സമാനമായ പ്രഖ്യാപനമുണ്ടെന്നത് മുന്നണിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. അതേസമയം, പൗരത്വ നിയമം റദ്ദാക്കുമെന്നതിന് പുറമേ ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും മമത ബാനര്‍ജിയുടെ ത്രിണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനവിഭാഗത്തിന് സൗജന്യമായി പത്ത് പാചകവാതക സിലണ്ടറുകള്‍ നല്‍കുമെന്നതാണ് പ്രധാനപ്പെട്ട വാഗ്ദാനം. ഒരു വര്‍ഷത്തേക്കാണ് പത്ത് സിലണ്ടറുകള്‍ നല്‍കുക. അതോടൊപ്പം പ്രതിമാസം അഞ്ച് കിലോ റേഷനും സൗജന്യമായി വിതരണം ചെയ്യും. അരി, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികളും മമത ബാനര്‍ജി ഉറപ്പ് നല്‍കുന്നുണ്ട്. അതോടൊപ്പം പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ ഇടപെടുമെന്നും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ പെട്രോള്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്നും പ്രകടപത്രികയില്‍ പറയുന്നു.

തൊഴില്‍ കാര്‍ഡ് ഉള്ള എല്ലാവര്‍ക്കും പ്രതിവര്‍ഷം ഏറ്റവും കുറഞ്ഞത് 100 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുമെന്നു വാഗ്ദാനമുണ്ട്. ഇന്ത്യ മുന്നണിയുടെ ഭാഗമായി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്.