
# വിദേശികൾ അടക്കം പെരുവഴിയിൽ കുടുങ്ങി
ദുബായ്: യു.എ.ഇയിൽ കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജനജീവിതം താറുമാറായി. നൂറുകണക്കിനു പേർ വിമാനത്താവളങ്ങളിലും മാളുകളിലും മെട്രോസ്റ്റേഷനുകളിലും വാഹനങ്ങളിലും കുടുങ്ങി. വൈദ്യുതി നിലച്ചു. കുടിവെള്ളം കിട്ടാതായി. പാർപ്പിട സമുച്ചയങ്ങളിലും സ്ഥാപനങ്ങളിലും വെള്ളം കയറി.
വിമാന സർവീസുകൾ മുടങ്ങി. ദുബായിലേക്കു വന്നുകൊണ്ടിരുന്ന വിമാനങ്ങൾ മറ്റുകേന്ദ്രങ്ങളിലേക്ക് വിട്ടു. വാഹനങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി. ദുബായ് മാൾ, മാൾ ഒഫ് എമിറേറ്റ്സ് എന്നിവിടങ്ങളിലും വെള്ളം കയറി. മലയാളികൾ അടക്കം രക്ഷാപ്രവർത്തനത്തിനിറങ്ങി. ദുബായിലെ പ്രധാന ഹൈവേ ഷെയ്ഖ് സായിദ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
തിങ്കളാഴ്ച തുടങ്ങിയ മഴ ദുബായിലും ഷാർജയിലും ചൊവ്വാഴ്ചയോടെ ശക്തിയാർജ്ജിക്കുകയായിരുന്നു. ഇന്നലെ ശക്തി കുറഞ്ഞു തുടങ്ങി.
ഒമാനിൽ ശനിയാഴ്ച മുതൽ പേമാരിയായിരുന്നു. അവിടെ പതിനെട്ടു പേരാണ് മരിച്ചത്. യു.എ.ഇയിലെ പേമാരിയിൽ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്. റാസ് അൽ ഖൈമയിൽ കാർ ഒഴുക്കിൽപ്പെട്ട് 70കാരൻ മരിക്കുകയായിരുന്നു.
അൽ ഐനിലെ ഖതം അൽ ഷക്‌ല മേഖലയിലായിരുന്നു കൂടുതൽ മഴ. ഇവിടെ 254 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ദുബായിൽ ഇന്നും നാളെയും സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ക്ലാസ് ഓൺലൈനായി തുടരും. ഷാർജയിലും ഇന്ന് ക്ലാസുകൾ ഓൺലൈനായി തുടരും. സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇന്നുവരെ വർക്ക് ഫ്രം ഹോം അനുവദിച്ചു.
കൃത്രിമ മഴ അല്ലെന്ന്
കൃത്രിമ മഴ പെയ്യിക്കാൻ നടത്തിയ ശ്രമമാണ് (ക്ലൗഡ് സീഡിംഗ്) ശക്തമായ മഴയിൽ കലാശിച്ചതെന്ന പ്രചാരണം യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളി. 1990കൾ മുതൽ യു.എ.ഇ ഇങ്ങനെ ചെയ്യാറുണ്ട് . മോശം കാലാവസ്ഥയിൽ അങ്ങനെ ചെയ്യാറില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.അറേബ്യൻ കടലിൽ നിന്ന് ഒമാനിലേക്കും യു.എ.ഇയിലേക്കും നീങ്ങുന്ന വായു പ്രവാഹമാണ് മഴയ്ക്ക് കാരണമെന്ന് പറയുന്നു.
യാത്ര മുടങ്ങി
മലയാളികൾ
ഇന്ത്യയിലേക്കുള്ള 13 വിമാന സർവീസുകളും ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള 15 സർവീസുകളും റദ്ദാക്കി. ഈ 28 വിമാനങ്ങളിലായി അയ്യായിരത്തിൽ ഏറെപ്പേരുടെ യാത്രയാണ് മുടങ്ങിയത്.
തിരുവനന്തപുരത്ത് നിന്ന് നാലു സർവീസുകളാണ് മുടങ്ങിയത്. കൊച്ചിയിൽ നിന്ന് ആറ് സർവീസുകൾ മുടങ്ങി. കരിപ്പൂരിൽ നിന്ന് രണ്ടു സർവീസുകൾ റദ്ദാക്കി. ജുബായ്, ഷാർജ സർവീസുകളാണിവ. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, എയർ അറേബ്യ, എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളാണ് തിരുവനന്തപുരത്ത്റദ്ദാക്കിയത്.
മൂന്നെണ്ണം ദുബായിൽ നിന്ന് വന്ന് മടങ്ങേണ്ടതായിരുന്നു. എയർ ഇന്ത്യ എക്സ് പ്രസ് ഇവിടെ നിന്ന് പുറപ്പെടേണ്ടതായിരുന്നു. ഇതിലെ യാത്രക്കാരുടെ എമിഗ്രേഷൻ ക്ളീയറൻസും കഴിഞ്ഞാണ് സർവീസ് നടത്താൻ കഴിയില്ലെന്ന് അറിയിപ്പ് ലഭിച്ചത്. മറ്റു വിമാനങ്ങളിൽ പോകേണ്ടവരെ വന്നപ്പോൾതന്നെ മടക്കി അയച്ചു. ഫ്ലൈ ദുബായ്, ഇൻഡിഗോ, എമിറേറ്റ്സ്, എയർ അറേബ്യ എന്നിവയുടെ സർവീസുകളാണ് കൊച്ചിയിൽ വന്നു പോകേണ്ടിയിരുന്നത്. ഇതിൽ ദോഹ സർവീസും ഉൾപ്പെടുന്നു. എയർ ഇന്ത്യയുടെ കൊച്ചി - ദുബായ് വിമാനം ചൊവ്വാഴ്ച രാത്രി റദ്ദാക്കിയിരുന്നു.