x

ഇസ്‌ലാമാബാദ്: സമൂഹമാദ്ധ്യമങ്ങൾ രാജ്യരക്ഷയെ ബാധിക്കുമോ എന്ന ഭയപ്പാടിൽ പാകിസ്ഥാൻ. ഫെബ്രുവരി മാസത്തിലെ പൊതുതിരഞ്ഞെടുപ്പ് സമയത്ത് ദേശിയ സുരക്ഷാ ഭീഷണിയായേക്കാവുന്ന എക്‌സിനെ നിരോധിച്ചു എന്നാണ് പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഫെബ്രുവരി പകുതി മുതൽ തന്നെ എക്‌സ് ഉപയോഗിക്കുന്നതിൽ പ്രശ്നമുണ്ടെന്ന് പാകിസ്ഥാനിൽ ഉപഭോക്താക്കൾ പരാതി പറഞ്ഞിരുന്നു. എന്നാൽ സർക്കാർ ഇതുസംബന്ധിച്ച് ഇതുവരെ വ്യക്തത വരുത്തിയിരുന്നില്ല. പാക് ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച രേഖയിലാണ് ഇക്കാര്യം സമ്മതിക്കുന്നത്.

'സർക്കാരിന്റെ നിയമാനുസൃതമായ നിർദ്ദേശങ്ങൾ പാലിക്കുന്നതിലും അതിലെ ദുരുപയോഗം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിലും എക്‌സ് പരാജയപ്പെട്ടതാണ് നിരോധനം ഏർ‌പ്പെടുത്തുന്നത് ആവശ്യമായി വന്നത്.' സർക്കാർ കോടതിയെ അറിയിച്ചു. നടപടിയിൽ ഇതുവരെ എക്‌സ് പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി എട്ട് മുതൽ എക്‌സിന്റെ ലഭ്യത പരിമിതമാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി വൃത്തങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. ഇമ്രാന്റെ പാർട്ടി പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്നതാണ് ഈ പരാതി ഉയരാൻ കാരണമായത്. ഏറെനാളായി ജയിൽശിക്ഷ അനുഭവിച്ചുവരികയാണ് ഇമ്രാൻ ഇപ്പോൾ.

അതേസമയം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും നിരവധി പ്രധാന സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥരും എക്‌സ് ഉപയോഗിക്കുന്നുണ്ട്. ഇത് വിപിഎൻ വഴിയാണെന്നാണ് ആരോപണം. ഇന്റലിജൻസ്, സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിരോധനം കൊണ്ടുവന്നത് എന്നാണ് സർ‌ക്കാർ നൽകുന്ന സൂചന.