
നെയ്‌പിഡോ: മ്യാൻമർ മുൻ ഭരണാധികാരിയും നോബൽ സമ്മാന ജേതാവുമായ ഓംഗ് സാൻ സൂചിയെ ( 78 ) ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി. നെയ്‌പിഡോയിലെ ജയിലിൽ ഏകാന്ത തടവിൽ കഴിയുകയായിരുന്നു സൂചി. മുൻ പ്രസിഡന്റ് യു വിൻ മിന്റിനേയും വീട്ടുതടങ്കലിലേക്ക് മാറ്റിയെന്നും ശക്തമായ ചൂടാണ് നീക്കത്തിന് കാരണമെന്നും രാജ്യത്തെ സൈനിക ഭരണകൂടത്തിന്റെ വക്താവ് പ്രതികരിച്ചു.
പരമ്പരാഗത പുതുവർഷം പ്രമാണിച്ച് 3,300 തടവുകാർക്ക് സൈന്യം ഇന്നലെ മാപ്പ് നൽകി. കൊലപാതകം, ഭീകരവാദം, മയക്കുമരുന്ന് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലാത്ത തടവുകാരുടെ ശിക്ഷാ കാലയളവ് ആറിലൊന്നായി ചുരുക്കുമെന്നും സൈന്യം വ്യക്തമാക്കി.
2021 ഫെബ്രുവരിയിൽ മ്യാൻമറിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ സൂചിയെ സൈന്യം അധികാരത്തിൽ നിന്ന് പുറത്താക്കിയ ശേഷം തടവിലാക്കുകയായിരുന്നു. സൂചിയ്ക്ക് അഴിമതി അടക്കം വിവിധ കുറ്റങ്ങൾ ചുമത്തി 33 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിട്ടുണ്ട്. സൂചി കുറ്റങ്ങൾ അംഗീകരിച്ചിട്ടില്ല.