blast

കൊൽക്കത്ത: മുർഷിദാബാദ് ജില്ലയിലെ ശക്തിപ്പൂർ മേഖലയിൽ ശ്രീരാമനവമി ആഘോഷങ്ങൾക്കിടെ പൊട്ടിത്തെറി. ബുധനാഴ്‌ച വൈകുന്നേരത്തോടെയാണ് സ്ഫോടനമുണ്ടായത്. ഒരു വനിതയ്‌ക്ക് പരിക്കേറ്റു, ഇവരെ മൂർഷിദാബാ‌ദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ആഘോഷങ്ങളുടെ ഭാഗമായുള്ള റാലിക്കിടെയാണ് സംഭവമെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. എന്നാൽ സംഭവം ബോംബ് സ്ഫോടനം ആണോയെന്നും അന്വേഷണം നടക്കുന്നുണ്ട്. രാമനവമി ഘോഷയാത്ര നടക്കുമ്പോൾ വശങ്ങളിൽ നിന്നും ചിലർ കല്ല് വലിച്ചെറിഞ്ഞതായി വീഡിയോകൾ പ്രചരിക്കുന്നുണ്ട്.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായും കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചതായും പൊലീസ് അറിയിച്ചു. റാലിക്ക് നേരെ ചിലർ കല്ലെറിഞ്ഞതായും കടകൾ തകർത്തതായും ബംഗാളിലെ ബിജെപി ഘടകം ആരോപിച്ചു.