dd-news

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ടെലിവിഷൻ ചാനലായ ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം മാറ്റി ദൂരദർശൻ. ചുവപ്പ് നിറത്തിലുള്ള ലോഗോ മാറ്റി കാവി നിറത്തിലുള്ള ലോഗോയാണ് അവതരിപ്പിരിച്ചിരിക്കുന്നത്. ന്യൂസ് എന്ന ഹിന്ദിയിലുള്ള എഴുത്തും കാവി നിറത്തിലാണ്. ചാനലിന്റെ പുതിയ മാറ്റത്തെ സംബന്ധിച്ച് ഡിഡി ന്യൂസിന്റെ എക്സ് പേജിൽ അധികൃതർ വീഡിയോ പങ്കുവച്ചിട്ടുണ്ട്. മാറ്റം ലോഗോയിൽ മാത്രമാണെന്നും മൂല്യങ്ങൾ തുടരുമെന്നും ദൂരദർശൻ വ്യക്തമാക്കി. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റുഡിയോ സംവിധാനം അവതരിപ്പിക്കുന്നതിനൊപ്പമാണ് ലോഗോയിലും മാറ്റം വരുത്തിയത്.

'മൂല്യങ്ങൾ പഴയത് തന്നെയാണെങ്കിലും പുതിയ രൂപത്തിൽ ഞങ്ങളെ കാണാം. ഇതുവരെ കാണാത്ത വാർത്താ യാത്രയ്ക്ക് തയ്യാറാകൂ' എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിഡി ചാനലിന്റെ സമൂഹമാദ്ധ്യമപേജുകളിലും ഈ മാറ്റം വരുത്തിയിട്ടുണ്ട്.

വേഗതയേക്കാൾ കൃത്യതയും അവകാശവാദങ്ങളേക്കാൾ വസ്‌തുതയും സെൻസേഷനലിസത്തേക്കാൾ സത്യവും നൽകാൻ ഡിഡി ന്യൂസിന് സാധിക്കുമെന്നും പോസ്റ്റിൽ പറയുന്നു. ഡിഡി ന്യൂസിന്റെ സ്റ്റുഡിയോയും സാങ്കേതിക വിദ്യയും ഉൾകൊള്ളുന്ന 53 സെക്കൻഡ് വീഡിയോയ്ക്ക് അവസാനമാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നത്.

While our values remain the same, we are now available in a new avatar. Get ready for a news journey like never before.. Experience the all-new DD News!

We have the courage to put:

Accuracy over speed
Facts over claims
Truth over sensationalism

Because if it is on DD News, it… pic.twitter.com/YH230pGBKs

— DD News (@DDNewslive) April 16, 2024

ലോഗോയിലെ നിറം മാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിന് വേണ്ടിയാണെന്ന് ചിലർ ആരോപിക്കുന്നു. എന്നാൽ ചാനലിന്റെ മാറ്റത്തിൽ അഭിനന്ദനം അറിയിക്കുന്നവരും നിരവധിയാണ്.