mob-attack

ഹൈദരാബാദ്: വിദ്യാർത്ഥികൾ മതപരമായ വസ്‌ത്രം ധരിച്ചെത്തിയത് പ്രിൻസിപ്പാൾ ചോദ്യം ചെയ്തതിന് പിന്നാലെ സ്‌കൂളിൽ ആൾക്കൂട്ട ആക്രമണം. തെലങ്കാനയിലെ മ‌ഞ്ചേരിയലിലുള്ള ബ്ളെസ്‌ഡ് മദ‌ർ തെരേസ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ചില വിദ്യാർത്ഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാൾ ഉൾപ്പെടെ രണ്ട് സ്റ്റാഫുകൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മതവികാരങ്ങൾ വ്രണപ്പെടുത്തി, മതത്തിന്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഹൈദരാബാദിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള കന്നെപ്പള്ളി ഗ്രാമത്തിലെ സ്‌കൂളിലാണ് അതിക്രമം നടന്നത്. സ്‌കൂൾ പ്രിൻസിപ്പാളായ ജയ്‌മോൻ ജോസഫ് മലയാളിയാണ്. രണ്ട് ദിവസം മുൻപ് ചില വിദ്യാർത്ഥികൾ സ്‌കൂളിൽ കാവി വസ്ത്രങ്ങൾ അണിഞ്ഞു വന്നിരുന്നു. 21 ദിവസത്തെ ആചാരമായ ഹനുമാൻ ദീക്ഷ ആചരിക്കുന്നതിനാലാണ് കാവി വസ്ത്രമണിഞ്ഞതെന്നായിരുന്നു വിദ്യാർത്ഥികളുടെ വിശദീകരണം. തുടർന്ന് ഇവരുടെ മാതാപിതാക്കളോട് സ്‌കൂളിൽ വരാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ ചിലർ പക‌ർത്തുകയും ഹിന്ദുമത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ അണിയാൻ പ്രിൻസിപ്പാൾ അനുവദിക്കുന്നില്ല എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് അക്രമികൾ സ്‌കൂളിൽ ആക്രമണം നടത്തിയത്. കാവി വസ്ത്രങ്ങൾ അണിഞ്ഞ് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ ആൾക്കൂട്ടം സ്‌കൂളിലെ വസ്തുക്കൾ നശിപ്പിക്കുന്നതും അക്രമം നടത്തരുതെന്ന് അദ്ധ്യാപകർ അഭ്യർത്ഥിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്‌കൂളിൽ സ്ഥാപിച്ചിരുന്ന മദർ തെരേസയുടെ പ്രതിമയിൽ ചിലർ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥർ അക്രമികളെ സ്‌കൂളിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു.

അക്രമികളിൽ ചിലർ പ്രിൻസിപ്പാളിനെ മർദ്ദിക്കുകയും ബലപ്രയോഗത്തിലൂടെ സിന്ദൂര തിലകം ചാർത്തിയതായും റിപ്പോർട്ടുകളുണ്ട്. സ്‌കൂൾ അധികൃതർ മാപ്പ് പറയണമെന്നും അക്രമികൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സ്‌കൂൾ അധികൃതർക്കെതിരെ കേസെടുത്തത്.