john

തിരുവനന്തപുരം: തിരുവനന്തപുരം ഫ്ലാറ്റ് തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീം കോടതി. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് ഉടമ ജേക്കബ് സാംസണും മറ്റ് പ്രതികളും കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. 15 ദിവസത്തിനകം കീഴടങ്ങണമെന്നാണ് നിർദേശം. വിചാരണക്കോടതിയിൽ സ്ഥിരജാമ്യത്തിന് അപേക്ഷിക്കാനും കോടതി നിർദേശിച്ചു.

ജേക്കബ് സാംസണെതിരെ 120 കേസുകളാണ് നിലവിലുള്ളത്. ഇതിൽ പേട്ട സ്വദേശി സജാദ് കരീം നൽകിയ ഒരു കേസിലാണ് മുൻകൂർ ജാമ്യം തള്ളിയത്. നടി ധന്യ മേരി വർഗീസിന്റെ ഭർത്താവും ജേക്കബ് സാംസണിന്റെ മകനുമായ ജോൺ ജേക്കബ് ഉൾപ്പെടെയുള്ളവ‌ർ കേസിൽ പ്രതികളാണ്. ധന്യ മേരി വർഗീസ് ഉൾപ്പെടെ പ്രതിയായ ഫ്ലാറ്റ് തട്ടിപ്പ് കേസുകളിൽ പലതിലും നേരത്തേ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.

കേസിൽ ജേക്കബ് സാംസണ് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷകൻ മനു ശ്രീനാഥ് എന്നിവരും കേസിലെ പരാതിക്കാരനായ സജാദ് കരീമിനായി അഭിഭാഷകൻ എം ഗീരീഷ് കുമാറും, സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി.

ഫ്ലാറ്റ് തട്ടിപ്പ് നടത്തിയെന്ന കേസിൽ ധന്യാ മേരി വര്‍ഗീസ്, ജോൺ, സഹോദരൻ സാമുവൽ, ജേക്കബ് സാംസൺ എന്നിവരെ പൊലീസ് 2016ൽ കസ്റ്റഡിയിലെടുത്തിരുന്നു. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഡയറക്ടറാണ് ജോണ്‍. കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയാണ് ധന്യാ മേരി വര്‍ഗീസ്. കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചത്. അക്കാലത്ത് തലസ്ഥാനത്ത് നടന്നതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പ് കേസായിരുന്നു സാംസണ്‍ ആന്‍ഡ് ബില്‍ഡേഴ്സിന്റേത്.