
2024 ലെ നീറ്റ് മെഡിക്കൽ പി. ജി പരീക്ഷയ്ക്ക് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) അപേക്ഷ ക്ഷണിച്ചു. മേയ് 6 വരെ അപേക്ഷിക്കാം. എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്കും 2024 ആഗസ്റ്റ് 15 നകം ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. രാജ്യത്തെ സർക്കാർ, സ്വാശ്രയ, ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ഡി/ എം.എസ്/ ഡി.എൻ.ബി പ്രോഗ്രാമുകൾക്ക് പ്രവേശനം നീറ്റ് പി.ജി റാങ്ക്ലിസ്റ്റിൽ നിന്നാണ്. ജൂൺ 23 നാണു പരീക്ഷ. ഒബ്ജക്റ്റീവ് മാതൃകയിലുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലുണ്ട്. മൊത്തം 800 മാർക്കാണ്. മൂന്ന് ലക്ഷത്തോളം മെഡിക്കൽ ബിരുദധാരികളെഴുതുന്ന പ്രധാനപ്പെട്ട മത്സര പരീക്ഷയാണിത്. ജൂലായ് 15 നകം റിസൾട്ട് പ്രസിദ്ധീകരിക്കും. ആഗസ്റ്റിൽ കൗൺസലിംഗ് പ്രക്രിയ ആരംഭിക്കും.www.natboard.edu.in
വിദേശപഠനവും സ്കോളർഷിപ്പുകളും
ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിന് അഡ്മിഷൻ ലഭിച്ച ഏഷ്യൻ രാജ്യങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് -'ഓസ്ട്രേലിയൻ അവാർഡ് സ്കോളർഷിപ്പിന്"- ഇപ്പോൾ അപേക്ഷിക്കാം. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരാണ്. ഏപ്രിൽ 30 ആണ് അവസാന തീയതി.
ഓസ്ട്രേലിയൻ ഡിപ്പാർട്ട്മെന്റ് ഒഫ് ട്രേഡ് ആണ് സ്കോളർഷിപ്പ് നൽകുന്നത്. സ്കോളർഷിപ്പിലൂടെ ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവ പൂർണമായി ലഭിക്കും. കോഴ്സിന്റെ മുഴുവൻ കാലയളവിലും സ്കോളർഷിപ് ലഭിക്കും. യൂണിവേഴ്സിറ്റി ഒഫ് സിഡ്നി, യൂണിവേഴ്സിറ്റി ഒഫ് മെൽബൺ, ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി, ഓക്ക്ലാൻഡ് യൂണിവേഴ്സിറ്റി എന്നിവയാണ് സ്കോളർഷിപ്പ് നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പ്രവേശനം ലഭിച്ച തെളിവുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയയ്ക്കണം. www.australiaawards.gov.au.
ജർമ്മനി
...............
ജർമ്മനിയിലെ ജൂലിച് റിസർച്ച് സെന്റർ ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പഠനത്തോടൊപ്പം സ്കോളർഷിപ്പും പാർടൈം തൊഴിലും ലഭിക്കും. അഡ്മിഷന് ജർമൻ ഭാഷ പഠിച്ചിരിക്കണം. https://www.fz-juelich.de/en.
ഐ.ബി.എ.ബിയിൽ എം.എസ്സി
ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോ ഇൻഫർമാറ്റിക്സ് & അപ്ലൈഡ് ബയോടെക്നോളജിയിൽ എം.എസ്സി പ്രോഗ്രാം ചെയ്യാൻ അവസരം. ബിഗ് ഡാറ്റ ബയോളജി, ബയോടെക്നോളജി & ബയോ ഇൻഫർമാറ്റിക്സ് എന്നീ വിഷയങ്ങളിലാണ് സ്പെഷ്യലൈസേഷൻ.
ബിഗ് ഡാറ്റ ബയോളജി പ്രോഗ്രാമിൽ ബയോളജി, കമ്പ്യൂട്ടിംഗ്, ഡാറ്റ സയൻസ്, മാത്തമാറ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി സബ്ജക്ടുകൾക്കാണ് ഊന്നൽ. ബയോടെക്നോളജി & ബയോ ഇൻഫർമാറ്റിക്സ് പ്രാഗ്രാമിൽ സെൽ & മോളിക്യുലാർ ബയോളജി, കമ്പ്യൂട്ടർ സയൻസ്, ജീനോം എഡിറ്റിംഗ്, ബയോ ഇൻഫർമാറ്റിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങൾ ഉൾപ്പെടും.
50% മാർക്കോടെ സയൻസ്/ടെക്നോളജി/ മെഡിസിൻ വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കോഴ്സ് ഫീസ് 66,000 രൂപ. വെബ്സൈറ്റ്: www.ibab.ac.in. അവസാന തീയതി: 11.05.2024.
ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ്
ആൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് (AIAPGET) നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. ആയുർവേദം, ഹോമിയോപതി, സിദ്ധ, യുനാനി എന്നീ ശാഖകളുടെ ഉപരിപഠനത്തിനുള്ള എൻട്രൻസ് പരീക്ഷയാണിത്. മേയ് 15 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. പരീക്ഷ ജൂൺ ആറിന് നടക്കും.
https://exams.nta.ac.in/AIAPGET/
നഴ്സിംഗ് റീഫണ്ടിന് അപേക്ഷിക്കാം
തിരുവനന്തപുരം: നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ബിരുദ കോഴ്സുകൾക്കും പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കും ട്യൂഷൻ ഫീ അടയ്ക്കുകയും റീഫണ്ടിന് അപേക്ഷിക്കുകയും ചെയ്യാത്തവർ 30നകം വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് റീഫണ്ടിനുള്ള അപേക്ഷയും അനുബന്ധരേഖകളും സമർപ്പിക്കണം. ഏപ്രിൽ 30നു ശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ല. മുൻ വർഷങ്ങളിലെ അപേക്ഷാർത്ഥികൾക്ക് lbstvpmrefund@gmail.com ലൂടെയും റീഫണ്ടിനുള്ള അപേക്ഷ അയയ്ക്കാം. ഫോൺ: 0471-2560363, 364.
എസ്.എസ്.സി പരീക്ഷാ തീയതികളിൽ മാറ്റം
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്താനിരുന്ന പരീക്ഷയുടെ തീയതികളിൽ മാറ്റം. മേയ് 6,7,8 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സെലക്ഷൻ പോസ്റ്റ് ഫേസ്- XII പരീക്ഷ ജൂൺ 24,25,26 തീയതികളിലായിരിക്കും നടക്കുക. ജൂൺ 4,5,6 തീയതികളിൽ നടക്കേണ്ടിയിരുന്ന ജൂനിയർ എൻജിനിയർ പേപ്പർ- I പരീക്ഷ ജൂൺ 5,6,7 തീയതികളിൽ നടക്കും. മേയ് 9,10,13 തീയതികളിൽ നിശ്ചയിച്ചിരുന്ന ഡൽഹി പൊലീസിലെയും സായുധ സേനകളിലെയും എസ്.ഐ തസ്തികാ പരീക്ഷ ജൂൺ 17, 28, 29 തീയതികളിലായിരിക്കും നടക്കുക. വിശദ വിവരങ്ങൾക്ക് https://ssc.gov.in.