തിരുവല്ല: താറാവ് കർഷകനെ വീടുകയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റുചെയ്തു. താറാവ് കർഷകനായ മേപ്രാൽ വേലുപറമ്പിൽ രാജു (പാച്ചൻ -67) വിനെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മേപ്രാൽ വിളക്കുമരം പായിക്കണ്ടം ചിറയിൽ പ്രസൂൺ എസ് (32), പെരിങ്ങര കാരയ്‌ക്കൽ താമരാൽ വടക്കുറ്റിശേരിൽ ശ്രീജിത്ത് (43), ചാത്തങ്കരി പാച്ചാങ്കോട്ട് ചിറയിൽ സുരേഷ് പി.എസ് (സനൽ -35) എന്നിവരെ സി.ഐ. ബി.കെ. സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 9നാണ് സംഭവം. രാജുവിന്റെ താറാവുകളെ പട്ടി കടിച്ചു കൊല്ലുന്നത് പതിവായിരുന്നു. ഇതേതുടർന്ന് രാജു പട്ടിയെ കൊന്നതിലുള്ള പകയാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.