g

റായ്‌പൂർ: ഛത്തീസ്ഗഢിൽ ബി.ജെ.പി പ്രവർത്തകനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് സർക്കാർ. സംഭവത്തെ അപലപിച്ച ഛത്തീസ്ഗഢ് വനംമന്ത്രി കേദാർ കശ്യപ് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്നും പറഞ്ഞു. പ്രദേശത്ത് സുരക്ഷാസേനയുടെ ഓപ്പറേഷൻ തുടരുകയാണ്. ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഓപ്പറേഷനിലൂടെ മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 പേരെ സുരക്ഷാസേന വധിച്ചതിനു പിന്നാലെയാണ് ബി.ജെ.പി പ്രവർത്തകൻ പഞ്ചംദാസിനെ തട്ടിക്കൊണ്ടുപോയി വധിച്ചത്.

ദൻഡാക്വൻ ഗ്രാമത്തിലായിരുന്നു സംഭവം. ഡപ്യൂട്ടി ഗ്രാമസേവകനായിരുന്ന പഞ്ചം ദാസിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പൊലീസിന് വേണ്ടി ഇയാൾ പ്രവർത്തിച്ചു എന്ന് മാവോയിസ്റ്റുകൾ ബോർഡ് എഴുതി വച്ചിരുന്നു. പഞ്ചംദാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയുടെ നടപടിയെ പ്രകീർത്തിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

മവോയിസ്റ്റുകളെ ഇന്ത്യയിൽ നിന്ന് പൂർണമായും തുടച്ചു നീക്കുമെന്ന് പറഞ്ഞിരുന്നു.

ഒമ്പത് ബി.ജെപി പ്രവർത്തകർ

2023 മുതൽ ഛത്തീസ്ഗഢിൽ ഒമ്പത് ബി.ജെ.പി പ്രവർത്തകരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയെന്നാണ് ഔദ്യോഗിക വിവരം. ബിജാപുർ ജില്ലയിൽ മാർച്ച് ഒന്നിന് തോയ്‌നർ ഗ്രാമത്തിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പ്രാദേശിക നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി.
മാർച്ച് ആറിനും സമാനമായ രീതിയിൽ പ്രാദേശിക നേതാവിനെ കൊന്നു.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി നാരായൺപുർ ജില്ലാ പ്രസിഡന്റ് രത്തൻ ദുബെയെ വെട്ടിക്കൊലപ്പെടുത്തി.

ആയുധങ്ങൾ എവിടെ നിന്ന്

29 മാവോയിസ്റ്റുകളെ വധിച്ചതിനൊപ്പം സുരക്ഷാസേന വൻ തോതിൽ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പിന്നാലെ മാവോയിസ്റ്റുകളുടെ പക്കലുള്ള ആധുനിക ആയുധങ്ങളിൽ ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ ആശങ്ക പ്രകടിപ്പിച്ചു. എ.കെ 47, ഇൻസാസ് റൈഫിളുകളുൾപ്പെടെ ആധുനിക ആയുധങ്ങളാണ് പിടിച്ചെടുത്തത്. അവർക്ക് ഈ ആയുധങ്ങൾ എവിടെ നിന്ന് ലഭിക്കുന്നു? ഇത് നമ്മുടെ സ്വന്തം ജനതയെ ഉൾപ്പെടുത്തി രാജ്യത്തിനെതിരായ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. ബസ്തറിൽ സമാധാനം കൊണ്ടുവരണം. ഇവരോട് ദയ കാണിക്കാൻ കഴിയില്ലെന്നും പറഞ്ഞു.