vd-satheesan

തിരുവനന്തപുരം: 'ദുബായിൽ ഉണ്ടായ പ്രളയം മനുഷ്യനിർമിതദുരന്തമെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ.' എന്ന തലക്കെട്ടിൽ സമൂഹമാദ്ധ്യമ ഹാൻഡിലുകളിലെ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പരാതി നൽകി. സി.പി.എം അനുകൂല പേജുകളിലാണ് പ്രചരണമെന്നാണ് പരാതിയിൽ പറയുന്നത്.

കേരളത്തിലെ പ്രളയം സംബന്ധിച്ച ഓൺലൈൻ വാർത്ത എഡിറ്റ് ചെയ്താണ് നെല്യൂ@n311yu എന്ന X (Twitter) അക്കൗണ്ടിൽ നിന്നും വ്യാജ നിർമ്മിതി പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. വ്യാജ പ്രചരണം നടത്തിയ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.


അതേസമയം, സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തള്ളിയത്. തെളിവ് സമർപ്പിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വിഡി സതീശൻ അന്തർ സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂർ എംഎൽഎ പിവി അൻവറാണ് നിയമസഭയിൽ ആദ്യം ആരോപണം ഉന്നയിച്ചത്. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്ടറെ സമീപിച്ചു. വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജിയിൽ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്ന് വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തിയിട്ടില്ല. പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചത് നിയമസഭയിലാണ്. പരാതിക്കാരന് മാദ്ധ്യമ വാർത്തകൾ അല്ലാതെ മറ്റ് വിവരങ്ങളില്ല. തിരഞ്ഞെടുപ്പ് ഫണ്ടിന് വേണ്ടിയാണ് കോർപറേറ്റുകളിൽ നിന്ന് പണം വാങ്ങിയതെങ്കിൽ അത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് അന്വേഷിക്കേണ്ടത്. അതിനും തെളിവില്ല. അതിനാൽ ഈ കേസിൽ അന്വേഷണം ആവശ്യമില്ല. നിയമസഭാ സാമാജികർക്ക് പ്രത്യേക അധികാരമോ പരിരക്ഷയോ ഉണ്ടോയെന്ന് വ്യക്തത വരുത്തണം. അതിനാൽ, ലഭിച്ച പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറിയെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.