pic

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ)​ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ പ്രതികരണത്തെ പിന്തുണച്ച് യു.എസ്. രക്ഷാസമിതി അടക്കം യു.എൻ സ്ഥാപനങ്ങളിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനെ യു.എസ് അനുകൂലിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉപവക്താവ് വേദാന്ത് പട്ടേൽ അറിയിച്ചു.

21-ാം നൂ​റ്റാണ്ടിനെ പ്രതിഫലിപ്പിക്കും വിധം യു.എന്നിൽ പരിഷ്‌കാരങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വമില്ലാത്തത് അസംബന്ധമാണെന്നായിരുന്നു ജനുവരിയിൽ മസ്‌കിന്റെ പ്രസ്താവന. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം വൈറ്റ്‌ഹൗസിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വേദാന്ത്.

യു.എന്നിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ്. ഫ്രാൻസ്, ചൈന, റഷ്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങൾക്കു മാത്രമാണ് 15 അംഗ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വമുള്ളത്. ഇവർക്ക് പ്രത്യേക വീറ്റോ അധികാരവുമുണ്ട്. ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകുന്നതിനെ നേരത്തെ ഫ്രാൻസും റഷ്യയും അനുകൂലിച്ചിരുന്നു.