jo-biden

വാഷിംഗ്ടണ്‍: അമ്മാവനെ രണ്ടാം ലോക മഹായുദ്ധക്കാലത്ത് നരഭോജികള്‍ ഭക്ഷിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമ്മാവന്‍ വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്നു, പസഫിക് സമുദ്രത്തിലേക്ക് വിമാനത്തെ വെടിവെച്ചിട്ടതിന് ശേഷം നരഭോജികള്‍ അദ്ദേഹത്തെ ഭക്ഷണമാക്കിയെന്നാണ് ബൈഡന്റെ അവകാശവാദം.

ബൈഡന്റെ അമ്മാവനായ സെക്കന്‍ഡ് ലഫ്റ്റനന്റ് ആംബ്രോസ് ഫിനെഗന്‍ സഞ്ചരിച്ചിരുന്ന യുദ്ധവിമാനം 1944 മേയില്‍ അപകടത്തില്‍പെട്ടിരുന്നു. വിമാനം തകര്‍ന്നുവീണ ശേഷം ഫിനെഗനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്ന് പക്ഷേ ഇതുവരെയും വ്യക്തമല്ല.

ന്യൂ ഗിനിയയ്ക്കടുത്തുള്ള ഒരു പ്രദേശത്താണ് ആംബ്രോസ് ഫിനെഗന്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണത്. നരഭോജികളുടെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശമെന്നും ഇതിനാല്‍ അദ്ദേഹത്തെ കണ്ടെത്താനോ രക്ഷിക്കാനോ യു.എസ് ഭരണകൂടം തുനിഞ്ഞില്ലെന്നുമാണ് ബൈഡന്‍ പറയുന്നത്.

രണ്ടാം ലോക യുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിനു കീഴിലുള്ള വ്യോമയാന വിഭാഗമായ ആര്‍മി എയര്‍ കോര്‍പ്സില്‍ അംഗമായിരുന്നു ഫിനെഗന്‍. ഒരു യാത്രയ്ക്കിടയില്‍ ന്യൂഗിനിയയില്‍ വച്ച് അദ്ദേഹത്തിന്റെ വിമാനം വെടിയേറ്റു വീണു. അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് അവര്‍ക്ക് കണ്ടെത്താനായില്ല. നരഭോജികള്‍ ഏറെയുള്ള പ്രദേശമായിരുന്നു അന്ന് ന്യൂഗിനിയ എന്നും ബൈഡന്‍ പറഞ്ഞു.

അപകടം നടന്നു തൊട്ടടുത്ത ദിവസം തന്നെ ആകാശനിരീക്ഷണം നടത്തിയെങ്കിലും വിമാനത്തിന്റെയോ ജീവനക്കാരുടെയോ ഒരു അടയാളവും കണ്ടെത്താനായിട്ടില്ല. എന്നാല്‍, കൂട്ടത്തിലുണ്ടായിരുന്ന ഒരു ജീവനക്കാരന്‍ രക്ഷപ്പെട്ടതായും രേഖകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞദിവസം സ്‌ക്രാന്റണിലെ വെറ്ററന്‍സ് മെമ്മോറിയല്‍ ബൈഡന്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ അമ്മാവനു വേണ്ടി ആദരാജ്ഞജലി അര്‍പ്പിക്കുകയും ചെയ്തു.