
പരിക്കിനെത്തുടർന്ന് പാരീസ് ഒളിമ്പിക്സിൽ നിന്ന് പിന്മാറി മലയാളി ലോംഗ്ജമ്പ് താരം എം.ശ്രീശങ്കർ
തിരുവനന്തപുരം : പരിശീലനത്തിനിടെയുണ്ടായ പരിക്കിനെത്തുടർന്ന് പാരീസ് ഒളിമ്പിക്സിൽ മത്സരിക്കാനില്ലെന്നറിയിച്ച് ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി ലോംഗ്ജമ്പ് താരം എം.ശ്രീശങ്കർ. ചൈനയിലും ദോഹയിലും നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗ് മീറ്റുകൾ ലക്ഷ്യമിട്ട് പാലക്കാട്ട് പരിശീലനം നടത്തവേ ചൊവ്വാഴ്ചയാണ് ടേക്കോഫ് ലെഗായ ഇടതുകാലിന്റെ മുട്ടിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാൻ ശസ്ത്രക്രിയയും മാസങ്ങളുടെ വിശ്രമമവും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവായ ശ്രീശങ്കർ ഒളിമ്പിക്സ് ലക്ഷമിട്ട് ജെ.എസ്.ഡബ്ളിയു ഗ്രൂപ്പിന്റെ സ്പോൺസർഷിപ്പിന് കീഴിലാണ് പരിശീലിക്കുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിദഗ്ധ ഡോക്ടറെ കാണിക്കാൻ ശ്രീശങ്കറിനെ ജെ.എസ്.ഡബ്ളിയു മുംബയ്‌യിലേക്ക് കൊണ്ടുപോയിരുന്നു. ഒളിമ്പിക് മെഡലിസ്റ്റ് നീരജ് ചോപ്രയ്ക്ക് കാൽമുട്ട് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയാണ് കണ്ടത്. ദോഹയിലടക്കം വിദഗ്ധ ഡോക്ടർമാരെ കൺസൾട്ട് ചെയ്യുന്നുണ്ടെന്നും എത്രനാൾ വിശ്രമം വേണ്ടിവരുമെന്ന് അതിന്ശേഷമേ കൃത്യമായി അറിയാനാകൂവെന്നും ശ്രീശങ്കർ പറഞ്ഞു.
ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 8.37 മീറ്റർ ചാടി ശ്രീശങ്കർ ഒളിമ്പിക് യോഗ്യത മറികടന്നിരുന്നു. 8.27 മീറ്ററായിരുന്നു ഒളിമ്പിക് യോഗ്യത. കഴിഞ്ഞ വർഷം ഒഡിഷയിൽ 8.41 മീറ്റർ ചാടിയതാണ് പേഴ്സണൽ ബെസ്റ്റ്. തന്റെ മികച്ച ദൂരം കണ്ടെത്താനായാൽ ഒളിമ്പിക്സിൽ മെഡൽ നേടാനാകും എന്ന പ്രതീക്ഷയിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ശങ്കു. എന്നാൽ അപ്രതീക്ഷിതമായെത്തിയ പരിക്ക് ആ സ്വപ്നങ്ങൾ തകർക്കുകയായിരുന്നു. ഈ തിരിച്ചടിയിൽ വിഷമമുണ്ടെങ്കിലും ജമ്പിംഗ് പിറ്റിലേക്ക് തിരിച്ചുവരാനാകും എന്ന പ്രതീക്ഷയിലാണ് താനെന്ന് ശങ്കു പറയുന്നു. 2028ലെ ഒളിമ്പിക്സിൽ മത്സരിച്ച് മെഡൽ നേടണമെന്ന് തന്റെ മനസിനെ പറഞ്ഞ് ഉറപ്പിക്കുകയാണ് പരിക്കേറ്റശേഷം ആദ്യം ചെയ്തതെന്നും ശങ്കു പറഞ്ഞു.
ഇത്രയും നാൾ ഞാൻ കാത്തിരുന്ന പാരീസ് ഒളിമ്പിക്സ് എന്ന സ്വപ്നം അവസാനിച്ചതായി സങ്കടത്തോടെ ഞാൻ തിരിച്ചറിയുന്നു. പക്ഷേ ഇതുകൊണ്ട് തളർന്നുപോകാനില്ല. പരിക്കുമാറി ഒളിമ്പിക് മെഡൽ എന്ന ലക്ഷ്യത്തിലേക്ക് ശക്തമായി തിരിച്ചുവരും. എന്നെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകണം
- എം.ശ്രീശങ്കർ
ശങ്കുവിന്റെ നേട്ടങ്ങൾ
2022 കോമൺവെൽത്ത് ഗെയിംസ് വെള്ളി
2022 ഏഷ്യൻ ഗെയിംസ് വെള്ളി
2023 ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളി
2018 ഏഷ്യൻ ജൂനിയർ വെങ്കലം