pic

ദുബായ്: ശക്തമായ പേമാരി ശമിച്ചതോടെ യു.എ.ഇയിൽ ജനജീവിതം സാധാരണനിലയിലേക്ക് എത്തി. കാലാവസ്ഥാ വ്യതിയാനങ്ങൾ അവസാനിച്ചെന്നും ദുരിത ബാധിത മേഖലകളെ സാധാരണനിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രളയക്കെടുതികളോട് അടിയന്തരമായി പ്രതികരിക്കാനും ദുരിത ബാധിതർക്ക് പിന്തുണ നൽകാനും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. അതേ സമയം, വെള്ളപ്പൊക്കത്തിനിടെ മൂന്ന് ഫിലിപ്പീൻസുകാർ മരിച്ചെന്ന് റിപ്പോർട്ട് പുറത്തുവന്നു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു.

മഴയിൽ താറുമാറായ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം സജീവമായി തുടങ്ങി. ഇന്ന് പൂർണതോതിലെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പുറത്തുനിന്നുള്ള എയർലൈൻ സർവീസുകൾ ആരംഭിച്ചു. ശക്തമായ മഴ മൂലം ചൊവ്വാഴ്ച മുതൽ ഇന്നലെ രാവിലെ വരെ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായിൽ 1,244 വിമാനങ്ങളാണ് റദ്ദാക്കിയത്.

റൺവേയിൽ വെള്ളം കയറിയത് മൂലം 41 എണ്ണം വഴിതിരിച്ചുവിട്ടതായി അധികൃതർ ഇന്നലെ വ്യക്തമാക്കി. ബുധനാഴ്ച 25 മിനിറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിറുത്തിവച്ചിരുന്നു.

ദുബായിലെ ടാക്സി സർവീസുകളും പബ്ലിക് ബസ് സർവീസുകളും മെട്രോ സർവീസും പുനരാരംഭിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

കുടിവെള്ളമുൾപ്പെടെയുള്ള അവശ്യസേവനങ്ങൾ എത്തിച്ചുതുടങ്ങി.

ദുബായിൽ വെള്ളത്തിൽ മുങ്ങിയ ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം തുറന്നു. റോഡിലെ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതടക്കമുള്ള പ്രവർത്തികൾ ആരംഭിച്ചതിനാൽ ഗതാഗത തടസം നേരിട്ടേക്കാമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

പൊതുസ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോമും സ്കൂളുകളിൽ ഓൺലൈൻ ക്ലാസും ഇന്നും തുടരും. യു.എ.ഇയിൽ കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴയും വെള്ളപ്പൊക്കവുമാണ് ചൊവ്വാഴ്ചയുണ്ടായത്.

 ഷെൽഫുകൾ കാലി

കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ യു.എ.ഇയിൽ ഭക്ഷ്യ വസ്തുക്കളുടെ ഡിമാൻഡ് കുത്തനെ ഉയർന്നു. ഇന്നലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ സൂപ്പർമാർക്ക​റ്റുകളിലും ഹൈപ്പർമാർക്ക​റ്റുകളിലും ഷെൽഫുകൾ ശൂന്യമായിരുന്നതായി വ്യാപക പരാതി ഉയർന്നു.

റോഡുകളും തെരുവുകളും വെള്ളക്കെട്ടിൽ മുങ്ങിയതോടെ ചില പ്രദേശങ്ങളിൽ താമസക്കാർ ഭക്ഷണവും വെള്ളവും കൂട്ടത്തോടെ സംഭരിച്ചതാണ് കാരണം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലെ കടകൾ പ്രവർത്തനമാരംഭിച്ചിട്ടില്ലാത്തതിനാലാണ് പലരും ഹൈപ്പർമാർക്കറ്റുകളെ ആശ്രയിച്ചത്. വീണ്ടും പോകാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പലരും വലിയ അളവിൽ സാധാനങ്ങൾ വാങ്ങി ശേഖരിച്ചതായി കടയുടമകൾ പറയുന്നു.

 ബോട്ടുകളിൽ സഞ്ചാരം

വെള്ളപ്പൊക്കമുള്ള തെരുവുകളിലൂടെ സഞ്ചരിക്കാനും പലചരക്ക് സാധനങ്ങൾ വാങ്ങാനും താത്കാലിക ബോട്ടുകളെ ആശ്രയിച്ച് യു.എ.ഇ നിവാസികൾ. ഷാർജയിലും മറ്റും മരത്തടിയും മെത്തയും ബോട്ടാക്കി തറ തുടയ്ക്കുന്ന മോപ്പുമായി തെരുവിലെ വെള്ളക്കെട്ടിലൂടെ നീങ്ങുന്നവരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.