aap

ന്യൂഡല്‍ഹി: കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സ്ഥിരം കാണുന്ന ഡോക്ടറെ കാണണമെന്ന ആവശ്യം നിരസിച്ച് ഇ.ഡി. വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്ഥിരം കാണുന്ന ഡോക്ടറെ കാണാന്‍ ആണ് കേജ്‌രിവാള്‍ അനുവാദം തേടിയത്. ടൈപ്പ് 2 പ്രമേഹ ബാധിതനായ കേജ്‌രിവാളിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും എഎപി ആരോപിക്കുന്നു.

കേജ്‌രിവാളിന്റെ ഭാരം കുറയുകയും പ്രമേഹം വര്‍ദ്ധിക്കുകയും ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്നും പാര്‍ട്ടി വ്യക്തമാക്കി. ഡോക്ടറെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതിയിലെത്തിയപ്പോഴും ഇ.ഡി എതിര്‍പ്പ് അറിയിച്ചിരുന്നു. പ്രമേഹ ബാധിതനായിട്ടും കേജ്‌രിവാള്‍ മനപൂര്‍വം മധുരമുള്ള മാമ്പഴങ്ങളും മധുര പലഹാരങ്ങളും കഴിക്കുകയാണെന്നാണ് ഇ.ഡി പറയുന്നത്.ജാമ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള കേജ്‌രിവാളിന്റെ തന്ത്രങ്ങളാണ് ഇതെന്നും ഇ.ഡി കോടതിയില്‍ വാദിച്ചു.

അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തിന്റെ ചാര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ച ശേഷം പ്രമേഹ രോഗികള്‍ ഒഴിവാക്കുന്ന ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നതെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പ്രമേഹ രോഗിയായ അദ്ദേഹം കഴിക്കുന്നത് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഭക്ഷണം മാത്രമാണെന്നും വീട്ടില്‍ നിന്ന് ജയിലിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കുന്നത് തടയാനാണ് ഇ.ഡി ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നതെന്നും കേജ്‌രിവാളിന്റെ അഭിഭാഷകനായ വിവേക് ജെയിന്‍ വാദിച്ചു.

ഇരു വിഭാഗങ്ങളുടേയും വാദം കേട്ട ശേഷം ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടിയ കോടതി കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.