ipl

പഞ്ചാബ് കിംഗ്സി​നെ 9 റൺസിന് തോൽപ്പിച്ച് മുംബയ് ഇന്ത്യൻസ്

മുംബയ് ഇന്ത്യൻസ് 192/7, പഞ്ചാബ് 183, സൂര്യകുമാറിന് അർദ്ധസെഞ്ച്വറി(78)

മൊഹാലി : പഞ്ചാബ് കിംഗ്സിന് എതിരായ ഐ.പി.എൽ മത്സരത്തിൽ ഒൻപത് റൺസിന്റെ വിജയം നേ‌ടി മുംബയ് ഇന്ത്യൻസ്. സീസണിൽ മുംബയ്‌യുടെ മൂന്നാം ജയമാണിത്. ഇന്നലെ മൊഹാലിയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് 19.1 ഓവറിൽ 183 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.

അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന്റേയും (53 പന്തുകളിൽ ഏഴുഫോറും മൂന്ന് സിക്സുമടക്കം 78 റൺസ്) 38 റൺസ് നേടിയ രോഹിത് ശർമ്മയുടേയും 34 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമ്മയുടേയും പോരാട്ടമാണ് മുംബയ്‌യെ ഈ സ്കോറിലെത്തിച്ചത്. പഞ്ചാബിനായി 28 പന്തുകളിൽ 61 റൺസ് നേടിയ അശുതോഷ് ശർമ്മയും 25 പന്തുകളിൽ 41 റൺസ് നേടിയ ശശാങ്ക് സിംഗും 20 പന്തുകളിൽ 21 റൺസ് നേടിയ ഹർപ്രീത് ബ്രാറും പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. മുംബയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും ജെറാഡ് കോറ്റ്സെയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ആകാശ് മധ്‌വാൾ,ഹാർദിക് പാണ്ഡ്യ,ശ്രേയസ് ഗോപാൽ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ഓപ്പണർ ഇഷാൻ കിഷനെ (8)മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ റബാദ പുറത്താക്കിയ ശേഷം ക്രീസിൽ ഒത്തുചേർന്ന രോഹിതും സൂര്യകുമാറും ചേർന്നാണ് മുംബയ്‌യെ മുന്നോട്ടുനയിച്ചത്.11.4 ഓവറിൽ ടീം സ്കോർ 99 ലെത്തിച്ചശേഷമാണ് രോഹിത് പുറത്തായത്. 22 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സും പായിച്ച മുൻ നായകനെ പഞ്ചാബ് നായകൻ സാം കറാനാണ് പുറത്താക്കിയത്. തുടർന്ന് സൂര്യയും തിലകും ചേർന്ന് ആക്രമണം തുടർന്നു. 16-ാംഓവറിൽ സൂര്യയെ കറാനും അടുത്ത ഓവറിൽ ഹാർദിക് പാണ്ഡ്യയെ(10) ഹർഷൽ പട്ടേലും മടക്കി അയച്ചു. അവസാന ഓവറിൽ ടിം ഡേവിഡ് (14), റൊമാരിയോ ഷെപ്പേഡ് (1), നബി (0)എന്നിവരെ മുംബയ്‌ക്ക് നഷ്ടമായി.

250

തന്റെ 250-ാമത് ഐ.പി.എൽ മത്സരത്തിനാണ് രോഹിത് ശർമ്മ ഇന്നലെ ഇറങ്ങിയത്. രോഹിതിനെക്കാൾ കൂടുതൽ ഐ.പി.എൽ മത്സരങ്ങൾ കളിച്ചതാരം ധോണി (256) മാത്രമാണ്.

ഇന്നത്തെ മത്സരം

ചെന്നൈ Vs ലക്നൗ

7.30 pm മുതൽ