
മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അഴിമതി ആരോപണം. മുയിസു സ്വകാര്യ ബാങ്ക് അക്കൗണ്ട് വഴി നിരവധി തവണ അനധികൃതമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടുന്ന ഇന്റലിജൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്താവുകയായിരുന്നു. ആരോപണങ്ങൾ മുയിസു നിഷേധിച്ചു.
മാലദ്വീപ് മോണിറ്ററി അതോറിറ്റിയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും മാലദ്വീപ് പൊലീസ് സർവീസും ചേർന്ന് 2018ൽ തയ്യാറാക്കിയത് എന്ന് കരുതുന്ന റിപ്പോർട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പുറത്തായത്. 2018ൽ ഭവന, അടിസ്ഥാന സൗകര്യ വികസന മന്ത്രിയായിരുന്നു മുയിസു.
ഇതോടെ മുയിസുവിനെ പുറത്താക്കണമെന്നും ഇംപീച്ച് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. മുയിസുവിനെതിരെ അന്വേഷണം നടത്തണമെന്ന് മുഖ്യ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെട്ടു. ഞായറാഴ്ച രാജ്യത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. റിപ്പോർട്ടിന്റെ ആധികാരികത സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.