
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. വോട്ടർമാരും മാദ്ധ്യമങ്ങളും രാഹുൽ എന്തുകൊണ്ടാണ് അമേഠിയിൽ മത്സരിക്കാത്തതെന്ന് ചോദിക്കുകയാണെന്നും ഷാ പറഞ്ഞു. വോട്ടിംഗ് യന്ത്രം ഇല്ലെങ്കിൽ ബി.ജെ.പി 180 സീറ്റ് പിന്നിടില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിനും ഷാ മറുപടി പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ തോറ്റാൽ ഇ.വി.എമ്മിനെ കുറ്റം പറയുന്നത് കോൺഗ്രസിന്റെ സ്വഭാവമാണെന്നായിരുന്നു മറുപടി. തെലങ്കാന, കർണാടക, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചപ്പോഴും ഇ.വി.എം ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയതെന്നും പറഞ്ഞു.