
ചെന്നൈ: പ്രധാനമന്ത്രി കസേരയിൽ നിന്ന് നരേന്ദ്രമോദിയെ നീക്കണമെന്ന് ഡി.എം.കെ അദ്ധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ഇന്നലെ അവസാനഘട്ട പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കരുത്. അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റണം. മോദി ഒരിക്കൽകൂടി പ്രധാനമന്ത്രി ആയാൽ അത് രാജ്യത്തിന് താങ്ങാനാവില്ല. ഇന്ത്യയെ ഒരു സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി ഇതുവരെ ഒരു രൂപപോലും നൽകിയിട്ടില്ല, മറ്റ് മന്ത്രിമാരുമായി വിഷയം ചർച്ച ചെയ്തിട്ടില്ല.
രാജ്യം ഭരിക്കാൻ ബി.ജെ.പിക്ക് ഒരു അവസരം കൂടി ലഭിച്ചാൽ സംസ്ഥാനങ്ങളുടെ അവകാശങ്ങളും അതിർത്തികളും എടുത്ത് കളഞ്ഞ് കേന്ദ്രഭരണം കൊണ്ടുവരുമെന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബി.ജെ.പി ഇനി അധികാരത്തിൽ എത്തരുതെന്നും പറഞ്ഞു.