ipl

മുല്ലന്‍പുര്‍: ഐപിഎല്ലിലെ ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ ഒമ്പത് റണ്‍സിന് വീഴ്ത്തി മുംബയ് ഇന്ത്യന്‍സ്. തോല്‍വി മുന്നില്‍ക്കണ്ട മത്സരത്തില്‍ ഏഴ് സിക്‌സറുകള്‍ സഹിതം 28 പന്തില്‍ 61 റണ്‍സ് നേടിയ അഷുതോഷ് ശര്‍മ്മയുടെ ഇന്നിംഗ്‌സ് നല്‍കിയ പുതുജീവനില്‍ പൊരുതി നോക്കിയെങ്കിലും ഒടുവില്‍ പൊരുതി വീഴുകയായിരുന്നു.

സ്‌കോര്‍ മുംബയ് ഇന്ത്യന്‍സ് 192-7 (20), പഞ്ചാബ് 183-10 (19.1)

193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിംഗ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 2.1 ഓവറുകള്‍ പിന്നിട്ടപ്പോള്‍ നാല് മുന്‍നിര വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. ക്യാപ്റ്റന്‍ സാം കറന്‍ 6(7), പ്രഭ്‌സിംറാന്‍ സിംഗ് 0(1), റൈലി റുസോവ് 1(3), ലിയാം ലിവിംഗ്‌സ്റ്റണ്‍ 1(2) എന്നിവരെ ബുംറയും കോട്‌സിയയും ചേര്‍ന്ന് മടക്കുകയായിരുന്നു. ഹര്‍പ്രീത് സിംഗ് 13(15), ജിതേഷ് ശര്‍മ്മ 9(9) എന്നിവര്‍ പുറത്തായപ്പോള്‍ കിംഗ്‌സിന്റെ സ്‌കോര്‍ 9.2 ഓവറില്‍ ആറിന് 77 എന്ന നിലയിലായി.

ടീം വലിയ പരാജയത്തെ ഉറ്റുനോക്കിയ സമയത്താണ് ശശാങ്ക് സിംഗിന് കൂട്ടായി അഷുതോഷ് ശര്‍മ്മ എത്തിയത്. ഇരുവരും മുംബയ്ക്ക് മുന്നില്‍ പതറാതെ ആക്രമിച്ച് കളിക്കുകയായിരുന്നു. ആഷ് , സാഷ് ജോഡ് മത്സരം തട്ടിയെടുക്കുമെന്ന് തോന്നിയ ഘട്ടത്തില്‍ ബുറയെ മടക്കി കൊണ്ടുവരാനുള്ള ഹാര്‍ദിക്കിന്റെ തീരുമാനം ഫലിച്ചു. ആദ്യ പന്തില്‍ തന്നെ ശശാങ്ക് സിംഗ് 41(25) പുറത്തായി. ഒരറ്റത്ത് അഷുതോഷ് നിലയുറപ്പിച്ചതിനാല്‍ തന്നെ പഞ്ചാബിന് പ്രതീക്ഷയുണ്ടായിരുന്നു.

28 പന്തില്‍ 61 റണ്‍സ് നേടിയ അഷുതോഷിനെ ജെറാഡ് കോട്‌സിയ വീഴ്ത്തിയതോടെ മുംബയ് വീണ്ടും മത്സരത്തിലേക്ക് തിരികെ വന്നു. 77ന് ആറ് എന്ന നിലയില്‍ ക്രീസിലേക്ക് എത്തിയ 25കാരന്‍ പുറത്താകുമ്പോള്‍ പഞ്ചാബിനെ ജയത്തിന്റെ വക്കോളം എത്തിച്ചിരുന്നു. 19ാം ഓവറില്‍ ഹര്‍പ്രീത് ബ്രാറിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയതോടെ മത്സരം പഞ്ചാബിന്റെ കയ്യില്‍ നിന്ന് നഷ്ടമാകുകയായിരുന്നു. 11ാമനായി എത്തിയ ആദ്യ പന്തില്‍ സിക്‌സറടിച്ച് റബാഡ വീണ്ടും പ്രതീക്ഷ നല്‍കി.

അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ ആവശ്യമായിരുന്നത് 12 റണ്‍സ്. പന്തെറിയാന്‍ എത്തിയത് ആകാശ് മദ്‌വാള്‍. ആദ്യ പന്ത് വൈഡ്. രണ്ടാം പന്തില്‍ റബാഡ റണ്ണൗട്ട്. മുംബയ് ഇന്ത്യന്‍സിന് ഒമ്പത് വിക്കറ്റ് ജയം. നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ ബൗളിംഗ് പ്രകടനം മുംബയ് ഇന്ത്യന്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യന്‍സ് അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ് 78(53), രോഹിത് ശര്‍മ്മ 36(25), പുറത്താകാതെ നിന്ന തിലക് വര്‍മ്മ 34*(18) എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 8(8) ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 10(6), ടിം ഡേവിഡ് 14(7), റൊമാരിയോ ഷെപ്പേര്‍ഡ് 1(2), മുഹമ്മദ് നബി റണ്ണൗട്ട് 0(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. പഞ്ചാബ് കിംഗ്‌സിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും സാം കറന്‍ രണ്ടും കാഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി.