kb-ganeshkumar

മാവേലിക്കര: ഗതാഗത മന്ത്രിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മാവേലിക്കര വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തില്‍. ടെസ്റ്റ് ഗ്രൗണ്ടിന് സ്ഥലം കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഉദ്യോഗസ്ഥര്‍. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം മേയ് ഒന്ന് മുതല്‍ നടക്കണമെന്നാണ് കര്‍ശന നിര്‍ദേശം. നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളില്‍ തന്നെ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് ഒരുക്കണമെന്നാണ് നിര്‍ദേശം. നിലവിലുള്ളയിടത്ത് സാധിച്ചില്ലെങ്കില്‍ പുതിയ സ്ഥലം കണ്ടെത്തണം.

താലൂക്കില്‍ എവിടെങ്കിലും ഒരു ഏക്കര്‍ സ്ഥലം കണ്ടെത്തണം. പരിധിയില്‍ വരുന്ന പ്രദേശത്ത് അനുയോജ്യമായ സ്ഥലം തിരക്കി നടന്നെങ്കിലും ഒന്നും തരപ്പെട്ടില്ല. മണ്ഡലത്തിലെ ചില സ്ഥലങ്ങള്‍ ഇവര്‍ കണ്ടത്തിയെങ്കിലും വസ്തു ഉടമകള്‍ എഗ്രിമെന്റും വാടകയും ആവശ്യപ്പെട്ടതോടെ നടപ്പുവശം ഇല്ലാതായി. വാടക ആരുകൊടുക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയകുഴപ്പം നിലനില്‍ക്കുകയാണ്. സര്‍ക്കാരിന് കൊടുത്താല്‍ വാടക കൃത്യമായി കിട്ടുകയില്ലന്നും പിന്നീട് സ്ഥാപനങ്ങളെ ഒഴിപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണെന്നുമുള്ള ജനത്തിന്റെ ധാരണയാണ് പല വസ്തു ഉടമകളും സ്ഥലം നല്‍കാത്തതിന് കാരണമായി പറയുന്നത്.

അതിനിടെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥലം ഉണ്ടോ എന്ന് അറിയിക്കണം എന്ന് ആവ്യപ്പെട്ട് സര്‍ക്കാര്‍ അറിയിപ്പ് വന്നത്. ഇപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥലത്തനായി കാത്തിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഒപ്പം സ്വകാര്യ സ്ഥലങ്ങള്‍ ലഭിക്കുമോയെന്നുള്ള നോട്ടവും നടക്കുന്നുണ്ട്. സ്ഥലം ലഭ്യമാകാത്തതിനാല്‍ ടെസ്റ്റ് ഗ്രൗണ്ടിനായി കാത്തിരിപ്പ് നീളും.

രണ്ട് സ്ഥലങ്ങള്‍

നിലവില്‍ ടെസ്റ്റ് നടക്കുന്ന രണ്ടു സ്ഥലങ്ങള്‍ മാവേലിക്കര മണ്ഡലത്തിലുണ്ട്. ഒന്ന് കരിമുളയ്ക്കല്‍ പഞ്ചായത്തുവക സ്ഥലമാണ്. ഇവിടെ മിനി സവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിന് തറക്കല്ലിട്ടിരിക്കുകയാണ്. രണ്ടാമത്തേത് മാവേലിക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള കണ്ടിയൂര്‍ കാളചന്തയിലെ ഗ്രൗണ്ടാണ്. അവിടേയും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ക്രമീകരണം അനുവദിക്കില്ല. ഇവിടെ പുതിയ കെട്ടിടനിര്‍മ്മാണം നടത്താനുള്ള സര്‍വ്വേ കഴിഞ്ഞു. എന്നാല്‍ മാവേലിക്കര താലൂക്കില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കീഴില്‍ നിരവധി ഏക്കര്‍ വസ്തുവകകള്‍ കിടപ്പുണ്ട്. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ജനപ്രതിനിധികള്‍ മനസുവെച്ചാല്‍ ഒരു ഏക്കര്‍ഭൂമി വാഹനവകുപ്പിന് ലഭ്യമാക്കാന്‍ കഴിയും.

''എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ചുനക്കര പഞ്ചായത്ത് മാത്രമാണ് സ്ഥലം ഉണ്ടെന്ന് അറിയിച്ചിട്ടുള്ളത്. മറ്റ് പഞ്ചായത്തുകള്‍ സ്ഥലം ഇല്ലെന്ന് തന്നെ അറിയിച്ച് മറുപടി നല്‍കി. ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍ സ്വകാര്യ സ്ഥലം ഒരുക്കിയതായി അറിയിച്ചിട്ടുണ്ട്. ഈ രണ്ട് വിവരങ്ങളും ഉന്നത തലത്തില്‍ അറിയിച്ചിട്ടുണ്ട്. -എം.ജി മനോജ്, ജോ.ആര്‍.ടി.ഒ, മാവേലിക്കര