pic

ജക്കാർത്ത: ഇൻഡോനേഷ്യയിലെ നോർത്ത് സുലവേസിയിലുള്ള റുവാംഗ് അഗ്നിപർവതത്തിൽ സ്ഫോടനം. 11,000ത്തിലേറെ പേരെ ഒഴിപ്പിച്ചു. ബുധനാഴ്ച മുതൽ അഞ്ച് തവണയാണ് റുവാംഗിൽ പൊട്ടിത്തെറിയുണ്ടായത്. ഇതോടെ സുലവേസി ദ്വീപിലെ മനാഡോ സിറ്റിയിലുള്ള അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു. അഗ്നിപർവതത്തിൽ നിന്ന് ശക്തമായി ചാരവും പുകയും പുറത്തേക്ക് വരുന്നുണ്ട്. സമീപ ദ്വീപായ ടഗുലാങ്ങ്‌ഡാങ്ങിൽ അഗ്നിപർവതത്തിൽ നിന്നുള്ള ചാരവും പാറകളും വീണ് വീടുകൾക്ക് കേടുപാടുണ്ട്. ഏകദേശം 20,000ത്തോളം പേരാണ് ദ്വീപിൽ താമസിക്കുന്നത്. ദ്വീപിലെ ജയിലിലുണ്ടായിരുന്ന 17 തടവുകാരെയും 11 ജീവനക്കാരെയും ഒഴിപ്പിച്ചു. അഗ്നിപർവതം ശക്തമായി പൊട്ടിത്തെറിക്കുന്നത് വഴി പുറത്തുവരുന്ന അവശിഷ്ടങ്ങൾ കടലിൽ പതിക്കുന്നത് സുനാമിക്ക് കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 2018ൽ ജാവ, സുമാത്ര ദ്വീപുകൾക്ക് ഇടയിലുള്ള അനക് ക്രാകത്തോവ അഗ്നിപർവതം ശക്തമായ പൊട്ടിത്തെറിക്കുകയും വലിയൊരു ഭാഗം കടലിൽ പതിക്കുകയും ചെയ്തിരുന്നു. ഇത് 400ലേറെ പേരുടെ ജീവനെടുത്ത സുനാമിക്ക് കാരണമായി. നിരവധി പേർക്ക് പരിക്കേറ്റു.