
തൃശൂർ: മേളപ്പെരുക്കങ്ങളും കുടമാറ്റത്തിന്റെ അഴകും വെടിക്കെട്ടിന്റെ വിസ്മയവുമായി പൂരാവേശത്തിലാണ് തൃശൂർ. ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തിയ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരനടവഴി അകത്തേയ്ക്ക് പ്രവേശിച്ചു. ചടങ്ങുകൾ പൂർത്തിയാക്കിയതിനുശേഷം പടിഞ്ഞാറെ നടവഴി പുറത്തേയ്ക്ക് വരും. അവിടെയുള്ള പാണ്ടിമേളം അവസാനിച്ചതിനുശേഷം ക്ഷേത്രത്തിനുള്ളിലേയ്ക്ക് മടങ്ങും.
വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്ന്, കുറ്റൂർ നെയ്തലക്കാവിലമ്മയുമായെത്തിയ എറണാകുളം ശിവകുമാർ കഴിഞ്ഞദിവസം പൂര വിളംബരം അറിയിച്ചു. പൊരിവെയിലിനെ കൂസാതെയെത്തിയ ആയിരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് തെക്കെ ഗോപുരനട തുറന്ന് തൃശൂർ പൂരം വിളംബരം ചെയ്തത്.
11.30 നാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. തിരുവമ്പാടിക്ക് വേണ്ടി ചന്ദ്രശേഖരനാണ് തിടമ്പേറ്റുന്നത്. 12.15ന് പാറമേക്കാവിൽ എഴുന്നള്ളിപ്പ് തുടങ്ങും. 15 ആനകൾക്ക് പാണ്ടിമേളം അകമ്പടിയാകും. ഗുരുവായൂർ നന്ദൻ പാറമേക്കാവിന്റെ തിടമ്പേറ്റും. ഉച്ചയ്ക്ക് രണ്ടോടെയാണ് വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250 ഓളം കലാകാരന്മാരുടെ പ്രശസ്തമായ ഇലഞ്ഞിത്തറമേളം. അഞ്ചിന് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. കോർപ്പറേഷനു മുന്നിലെ രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും. അപ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിനു മുന്നിലെത്തും.
ആറോടെയാണ് ജനലക്ഷങ്ങൾ സാക്ഷിയാകുന്ന ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴരയോടെ കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. ഘടകപൂരങ്ങൾ ഉച്ചയോടെ വടക്കുന്നാഥനിലെത്തി മടങ്ങും. തിങ്കളാഴ്ച പുലർച്ചെ മൂന്നു മുതൽ അഞ്ചുവരെയാണ് വെടിക്കെട്ട്. ഉച്ചയ്ക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് വിടചൊല്ലും.