neha

ബംഗളൂരു: പ്രണയം നിരസിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവിന്റെ മകളെ കോളേജ് ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് നാടിനെ ഞെട്ടിച്ച കൊടുംക്രൂരത നടന്നത്. കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ (23) ആണ് കൊല്ലപ്പെട്ടത്. ബിവിബി കോളേജിലെ ഒന്നാംവർഷ എംസിഎ വിദ്യാർത്ഥിനിയായിരുന്നു. സംഭവത്തിൽ നേഹയുടെ മുൻ സഹപാഠി ഫയാസ് (23) അറസ്റ്റിലായി.

ബംഗളൂരു ബെലഗാവി സ്വദേശിയാണ് ഫയാസ്. നേഹ ഫയാസിന്റെ പ്രണയാഭ്യർത്ഥന നിരന്തരമായി നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഇയാൾ വിദ്യാർത്ഥിനിയെ പതിവായി പിന്തുടരുകയും ചെയ്തിരുന്നു. പ്രതി യുവതിയെ ക്യാമ്പസിനുള്ളിൽവച്ച് കത്തികൊണ്ട് പലതവണ കുത്തുന്നതും തുടർന്ന് ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കോളേജ് അധികൃതരും മറ്റും വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴുതവണ ഇയാൾ പെൺകുട്ടിയെ കുത്തിയതായി പൊലീസ് പറഞ്ഞു.

പ്രതിയെ ചോദ്യം ചെയ്തതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്നും ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. അതേസമയം, വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എബിവിപി പ്രവർത്തകരും, ഹിന്ദു അനുകൂല സംഘടനകളും ബിജെപി പ്രവ‌ർത്തകരും പ്രതിഷേധ പ്രകടനം നടത്തി.