
കോട്ടയം: തമിഴ് നടിയും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തിൽ കൊല്ലം ചവറ തയ്യിൽ സ്വദേശിയായ അൻസാർ ഖാനെ (25) കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ 12ന് ചെന്നൈ- തിരുവനന്തപുരം എക്‌സ്‌പ്രസിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.
യുവതി ഉറക്കത്തിലായിരുന്നപ്പോൾ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. യുവതി ഉണർന്നതോടെ ഇയാൾ ശുചിമുറിയിൽ കയറി ഒളിച്ചു. ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ പുറത്തേക്ക് ചാടി കടന്നുകളയുകയുമായിരുന്നു. യുവതി പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. തുടർന്ന് യുവതിയുടെ പരാതിയിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അൻസാർ പിടിയിലായത്. മുൻപ് കഞ്ചാവ് കേസിൽ ഇയാൾ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്
കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ആലത്തൂർ കുഴൽമന്ദം പുൽപാറമന്നം വീട്ടിൽ സുനിൽകുമാറിനെയാണ് കൊല്ലം ഫസ്റ്റ് ക്ലാസ് അഡിഷണൽ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം. ചിതറ ചോഴിയക്കോട് കൊച്ചുകലുങ്ങ് ചരുവിളവീട്ടിൽ സ്മിതയാണ് (36) കൊല്ലപ്പെട്ടത്.
ഫേസ്ബുക്ക് വഴിയാണ് പ്രതിയും സ്മിതയും പരിചയപ്പെട്ടത്. വിവാഹശേഷം ഇവർ ചിതറയിലെ വാടക വീട്ടിൽ കുട്ടികളുമൊത്ത് താമസിച്ച് വരികയായിരുന്നു. സംഭവ ദിവസം രാത്രി 8ന് കുട്ടികളുമായി സ്മിത അമ്മ വീട്ടിൽ പോയി തിരികെയെത്തിയപ്പോൾ സുനിൽകുമാർ ദേഷ്യപ്പെടുകയും ഇവരെ ഉപദ്രവിക്കുകയും അടുക്കളയിൽ ഇരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിക്കുകയും ചെയ്തു. സ്മിത വീടിന് പുറത്തേക്ക് ഓടുന്നതിനിടയിൽ സുനിൽകുമാർ ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ് സ്മിത തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഫെബ്രുവരി 26ന് മരിച്ചു. സ്മിതയുടെ മക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് സുനിൽകുമാർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ആറ് മാസം അധികതടവ് അനുഭവിക്കണം.