coffee-bar

കൊടൈക്കനാൽ: മഞ്ഞുമ്മൽ ബോയ്സിനൊപ്പം സ്റ്റാറായൊരു ഹോട്ടൽ കൊടൈക്കനാലിലുണ്ട്. 'ഷാർമിള കോഫി ബാർ'. ഗുണ കേവിലേക്കുള്ള പ്രവേശന കവാടത്തിലെ ഷീറ്റുമേഞ്ഞ ചായക്കടയിൽ മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമ 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ ഫ്ളക്സ് ബോർഡ് ആരെയും ആകർഷിക്കും.

സിനിമയിൽ ഗുണ കേവ് സന്ദർശിക്കാനെത്തുന്ന പതിനൊന്നംഗ സംഘം ഈ ചായക്കടയിൽ നിന്ന് ചായകുടിക്കുന്ന രംഗമുണ്ട്. ആ രംഗത്തിന്റെ ചിത്രം സഹിതമുള്ള ഫ്ളക്സ് ബോർഡാണ് ഷാർമിള കോഫി ബാറിന് മുകളിൽ സ്ഥാപിച്ചിട്ടുള്ളത്. കൊടൈക്കനാൽ സ്വദേശി ഷരത്ത് റോബർട്ട് എന്നയാളുടെതാണ് ഷാർമിള കോഫി ബാർ. പിതാവ് റോബർട്ട് 35 വർഷം മുമ്പ് സ്ഥാപിച്ചതാണ്. ഷരത്തിന്റെ സഹോദരിയുടെ പേരാണ് ചായക്കടയ്ക്ക്. നിരവധി തമിഴ് - മലയാളം സിനിമകൾ ഗുണ കേവുമായി ബന്ധപ്പെട്ടും പരിസരങ്ങളിലുമായും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു സിനിമയുടെ ചിത്രീകരണം തങ്ങളുടെ കടയിൽ നടന്നതെന്ന് ഷരത്ത് 'കേരളകൗമുദിയോട് പറഞ്ഞു.

സിനിമ പ്രൊഡക്ഷൻ കൺട്രോളറായ കൊടൈക്കനാൽ സ്വദേശി സക്കീർ മുഖേനയാണ് രണ്ട് ദിവസം ചിത്രീകരണത്തിനായി കട വിട്ടുനൽകിയത്. അതിന് വാടകയും ലഭിച്ചു. സിനിമ ഇത്രയേറെ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല. സിനിമ വിജയിച്ചതിനെ തുടർന്ന് സിനിമ പ്രൊഡക്ഷൻ കൺട്രോളർ തന്നെയാണ് കടയുടെ മുകളിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്.

ഹിറ്റിലെ താരങ്ങൾ വീണ്ടുമെത്തി

സിനിമ പുറത്തിറങ്ങിയ ആദ്യ ആഴ്ച്ചയിൽ തന്നെ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ കഥയ്ക്ക് ആധാരമായ 11 പേരും ഗുണകേവിലും തന്റെ ചായക്കടയിലും എത്തിയിരുന്നു. ഇവിടെ നിന്നും ചായയും കുടിച്ചാണ് അവർ മടങ്ങിയത്.

മലയാളികൾ ഹിറ്റാക്കി

ബോർഡ് സ്ഥാപിച്ച ശേഷം ഇത് ശ്രദ്ധയിൽപ്പെടുന്ന മലയാളികളെല്ലാം കടയിലെത്തി വിശേഷങ്ങൾ തിരക്കാറുള്ളതായും ഇതുവഴി കച്ചവടം കൂടിയിട്ടുണ്ട്. സിനിമ തമിഴ് നാട്ടിലടക്കം ഹിറ്റായതോടെ ഗുണാകേവിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.