
ഈ മാസം 13ന് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തിരിച്ചടിയുമായി ഇസ്രയേൽ. ഇറാൻ പ്രധാന നഗരമായ ഇസഫഹാനിലാണ് ഇസ്രയേലിന്റെ ആപ്രതീക്ഷിതമായ ഡ്രോൺ ആക്രമണം. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എബിസി ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. ഇസ്രായേലിന്റെ ഡ്രോൺ ആക്രമണം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും, വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ മൂന്ന് ഡ്രോണുകൾ തകർത്തുവെന്നാണ് ഇറാൻ അറിയിച്ചത്.
ഇസഫഹാനിൽ സ്‌ഫോടന ശബ്‌ദം കേട്ടതായും എന്നാൽ ഇതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇറാൻ ഫാർ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. നതാൻസ് ആണവ കേന്ദ്രം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഇറാന്റെ നിർണായക പ്രദേശമാണ് ഇസഫഹാൻസ് പ്രവിശ്യ. ഡ്രോൺ ആക്രമണം ആണവ കേന്ദ്രത്തെ ബാധിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തിമാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങൾ തിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്.
ഏപ്രിൽ ഒന്നിന് സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാൻ നയതന്ത്രകാര്യാലയത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണമാണ് സംഘർഷങ്ങൾക്ക് കാരണം. തുടർന്ന് ഇതിന് തിരിച്ചടിയായി മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാൻ ഏപ്രിൽ 13ന് മറുപടി നൽകിയിരുന്നു.
മിസൈൽ ആക്രമണം നടന്നതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, നിരവധി ഡ്രോണുകൾ വെടിവച്ച് വീഴ്‌ത്തിയതായി ഇറാൻ അറിയിച്ചു. ആക്രമണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ടെഹ്‌റാൻ ഇമാം കൊമൈനി അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചിരുന്നു. ഇറാനിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ്, ഫ്ലൈദുബായ് വിമാനങ്ങളും തിരിച്ചുവിട്ടു.
അന്ന് മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളും ഇറാൻ വിക്ഷേപിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 99 ശതമാനവും പ്രതിരോധിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാൻ 200 ഡ്രോണുകൾ അയച്ചതായി ഇസ്രായേൽ സൈനിക വക്താവ് ഹാഗരി അവകാശപ്പെട്ടിരുന്നു. ഭൂരിഭാഗം ഡ്രോണുകളും നിർവീര്യമാക്കാൻ സൈന്യത്തിന് സാധിച്ചതായും ആക്രമണത്തിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റതായും ഡാനിയേൽ കൂട്ടിച്ചേർത്തു. ഇതിന് പുറമേ ഒരു സൈനിക താവളത്തിലും നാശനഷ്‌ടങ്ങൾ ഉണ്ടായതായി ഡാനിയൽ വ്യക്തമാക്കി.