
ന്യൂയോർക്ക്: ഇറാനിൽ അപ്രതീക്ഷിത ഡ്രോൺ ആക്രമണം ഇസ്രയേൽ നടത്തിയതിന് പിന്നാലെ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. നാല് ശതമാനത്തിനടുത്ത് പെട്ടെന്നുള്ള വർദ്ധനവാണ് ഇന്നുണ്ടായത്. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 90 ഡോളറായാണ് വില ഉയർന്നത്. 3.94 ശതമാനത്തിന്റെ ഉയർച്ചയാണ് ആഗോളതലത്തിലുണ്ടായത്. ബാരലിന് 90.54 ഡോളറാണ് വില. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ്(ഡബ്ളിയുടിഐ) ക്രൂഡോയിൽ വില 4.06 ശതമാനം കൂടി 86.09 ഡോളർ ബാരലിന് ആയിട്ടുണ്ട്.
ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്ന തരത്തിലേക്ക് നീക്കുകയാണ്. ഏപ്രിൽ 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ന് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതോടെയാണ് ക്രൂഡോയിൽ വില ഉയരാനിടയായത്.
ഇറാൻ പ്രധാന നഗരമായ ഇസഫഹാനിലാണ് ഇസ്രയേലിന്റെ ആപ്രതീക്ഷിതമായ ഡ്രോൺ ആക്രമണം. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എബിസി ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. ഇസ്രായേലിന്റെ ഡ്രോൺ ആക്രമണം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും, വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ മൂന്ന് ഡ്രോണുകൾ തകർത്തുവെന്നാണ് ഇറാൻ അറിയിച്ചത്.നതാൻസ് ആണവ കേന്ദ്രം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഇറാന്റെ നിർണായക പ്രദേശമാണ് ഇസഫഹാൻസ് പ്രവിശ്യ. ഡ്രോൺ ആക്രമണം ആണവ കേന്ദ്രത്തെ ബാധിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി.