
അൻപതിലും ഇരുപത്തിയൊന്നിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഠിനപരിശ്രമം ചെയ്യുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. ചിലർ ഭക്ഷണത്തിൽ കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജീവിക്കുമ്പോൾ മറ്റുചിലർ ദിവസത്തിന്റെ കൂടുതൽ സമയവും വർക്കൗട്ട് ചെയ്യാനും ജിമ്മുകളിലുമായി ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. പലരും അവരവരുടെ യൗവനം കാത്തുസൂക്ഷിക്കാൻ തിരഞ്ഞെടുക്കുന്ന വഴികൾ വ്യത്യസ്തമായിരിക്കും.
അങ്ങനെയുളള ഒരു മനുഷ്യനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. അമേരിക്കയിലെ മിഷിഗൺ സ്വദേശിയും 61കാരനുമായ ഡേവ് പാസ്കോയാണ് സോഷ്യൽ മീഡിയയിലൂടെ യൗവനത്തിന്റെ രഹസ്യം പങ്കുവച്ചിരിക്കുന്നത്. താനൊരു ബയോഹാക്കറെന്നാണ് (ആരോഗ്യസംരക്ഷണത്തിനായി സ്വയം പരിശ്രമിക്കുന്ന വ്യക്തി) വെളിപ്പെടുത്തിയിട്ടുണ്ട്. വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിൽ പാലിച്ച ചിട്ടകളിലൂടെയും തന്റെ പ്രായം കുറഞ്ഞ് 38 ആയെന്നും ഈ 61കാരൻ അവകാശപ്പെടുന്നു.
കൂടാതെ സോഷ്യൽ മീഡിയയിൽ പാസ്കോ തന്റെ ജീവിത രീതിയും വിവരിച്ചിട്ടുണ്ട്. അതിരാവിലെ ഉണരുന്ന പാസ്കോ കൂടുതൽ സമയവും ജിമ്മിലായിരിക്കും വർക്കൗട്ട് ചെയ്യുന്നത്. കൂടാതെ പ്രത്യേക രീതിയിൽ ഭക്ഷണക്രമം പാലിക്കുകയും 158 സപ്ലിമെന്റുകൾ കഴിക്കുകയും ചെയ്യും. ആരോഗ്യവും യൗവനവും കാത്തുസൂക്ഷിക്കാൻ ഇതുപോലെയൊരു ചിട്ട അനിവാര്യമാണെന്നും പാസ്കോ പറയുന്നു. ഇത്തരത്തിൽ ചെയ്താൽ പ്രായം കുറയ്ക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ഇതോടെ പാസ്കോയ്ക്ക് അഭിനന്ദവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. കൂടുതൽ പേരും പാസ്കോയുടെ ആരോഗ്യ രഹസ്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാനും താൽപര്യപ്പെട്ടിട്ടുണ്ട്.
ന്യൂയോർക്ക് പോസ്റ്റിന് പാസ്കോ നൽകിയ അഭിമുഖവും കൂടുതൽ ശ്രദ്ധ നേടി. ഓരോരുത്തരും ആരോഗ്യത്തിനായി നല്ലൊരു സമയം കണ്ടെത്തണമെന്നും അദ്ദേഹം പറയുന്നു. 'താൻ ഒറ്റയ്ക്കാണ് താമസം. അതിനാൽ തന്നെ എല്ലാകാര്യങ്ങൾക്കും താൻ ടൈംടേബിൾ വച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ മാത്രമേ താൻ ഉച്ചഭക്ഷണം കഴിക്കാറുളളൂ. മൂന്ന് മണിക്കും അഞ്ചുമണിക്കുമിടയിലാണ് അത്താഴം കഴിക്കാറുളളത്. കൂടുതലും പച്ചക്കറിയാണ് കഴിക്കുന്നത്. ഇടയ്ക്ക് മാത്രം ചിക്കനോ ബീഫോ കഴിക്കും. സ്വന്തമായിട്ട് ചൂണ്ടയിട്ട് പിടിക്കുന്ന മത്സ്യമാണ് കഴിക്കാറുളളത്. മാത്രമല്ല ഭക്ഷണത്തിൽ കൂടുതലായി വെളുത്തുളളി ചേർക്കാറുണ്ട്'- പാസ്കോ പറഞ്ഞു.