sobhana

15 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നത്. നടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. 2009ൽ പുറത്തിറങ്ങിയ 'സാഗർ ഏലിയാസ് ജാക്കി'ക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. 20 വർഷങ്ങൾക്ക് ശേഷം ഇരുവരും നായികാനായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

2004ൽ പുറത്തിറങ്ങിയ 'മാമ്പഴക്കാലത്തി'ലാണ് ഇതിന് മുമ്പ് ഇരുവരും നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ടത്. പുതിയ ചിത്രത്തിനായി സൂപ്പർ എക്‌സൈറ്റഡ് ആണെന്നും നാല് വർഷത്തിന് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന പറഞ്ഞു. താനും മോഹൻലാലും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും നടി വ്യക്തമാക്കി. മോഹൻലാലിന്റെ 360-ാമത്തെ ചിത്രം കൂടിയാണിത്. 2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

View this post on Instagram

A post shared by Shobana Chandrakumar (@shobana_danseuse)

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം. മോഹൻലാലും യുവസംവിധായകരിൽ ശ്രദ്ധേയനായ തരുൺ മൂർത്തിയും ആദ്യമായി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മികച്ച വിജയം നേടിയ ചിത്രങ്ങളാണ് തരുണിന്റെ ഓപ്പറേഷൻ ജാവയും സൗദി വെള്ളക്കയും. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ സൗദി വെള്ളക്ക നേടുകയും ചെയ്തു.

ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാനിൽ അഭിനയിക്കുകയാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയ്‌ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രീകരണമുണ്ട്. എമ്പുരാന് 45 ദിവസത്തെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് . സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരുടെ ചിത്രങ്ങളിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്.