
സോഷ്യൽ മീഡിയ എത്രയധികം സ്വാധീനം ചെലുത്തി എന്നുപറഞ്ഞാലും പുസ്തകങ്ങൾ മനുഷ്യമനസിൽ സൃഷ്‌ടിച്ച സ്വാധീനശക്തി മറികടക്കാൻ ഒരു മീഡിയക്കും കഴിയില്ല. പുസ്തകങ്ങൾ വായനക്കാരനെ മറ്റൊരു ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെയാണ് വായനയ്‌ക്ക് മരണമില്ലാത്തതും. വാളിനേക്കാൾ മൂർച്ച വാക്കുകൾക്കുണ്ടെന്നാണ് നാം വിശ്വസിക്കുന്നത്. വാക്കുകൾ ഇഴ ചേർത്തു വച്ച പുസ്തക വായനാ ശീലമാണ് മനുഷ്യന്റെ ഭൗതിക നിലവാരം വർദ്ധിപ്പിക്കുക. ഒരു നല്ല പുസ്‌തകം മികച്ച സുഹൃത്ത് കൂടിയാണ്. കാലം എത്ര മാറിയാലും വായനയുടെ പ്രസക്തി അവസാനിക്കുന്നില്ല. ഓരോ കാലഘട്ടത്തിലേയും സാഹചര്യങ്ങൾക്കനുസരിച്ച് വായനയുടെ രീതികളിൽ മാറ്റം വന്നേക്കാം, പക്ഷേ വായനയ‌്ക്ക് മാറ്റം വരുന്നില്ല.
ഒരു കാലത്ത് ചെറിയ ലൈബ്രറികളിലൂടെയായിരുന്നു പുസ്‌തകങ്ങളെ വായനക്കാർ പരിചയപ്പെട്ടത്. ലൈബ്രറിയിലെ പരിമിതമായ സൗകര്യങ്ങളിലും വായന വളർത്താൻ ഇത്തരം ലൈബ്രറികൾ വഹിച്ച പങ്ക് വളരെ വലുതാണ്. അവിടെയെത്തുന്ന പുസ്തകങ്ങളിലൂടെയാണ് ദൃശ്യമാദ്ധ്യമങ്ങൾക്ക് മുൻപുള്ള ലോകത്തെ മലയാളി പരിചയപ്പെടുന്നത്. ലോകം പിന്നീടും ഒരുപാട് മാറി. ലൈബ്രറികൾക്ക് നമ്മുടെ ജീവിതത്തിലെ സ്ഥാനം കുറഞ്ഞു വന്നു. പുസ്തകങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കാൻ തുടങ്ങി. വായനയും സ്‌ക്രീനിലേക്ക് ഒതുങ്ങി. വിവര സാങ്കേതികവിദ്യയുടെ വളർച്ച എല്ലാ വിവരങ്ങളേയും വിരൽത്തുമ്പിലെത്തി. അപ്പോഴും ഒരു പുസ്തകം നിവർത്തിവച്ച് ചെറുചൂടുള്ള കട്ടൻചായയ നുകർന്നപ്പോൾ ലഭിച്ച സുഖം കിട്ടിയിട്ടുണ്ടാകില്ല.
ഇന്ത്യയിലെ സ്കൂളുകളും കോളേജുകളും മികച്ച വായനയിടങ്ങൾ നിറഞ്ഞതാണ്. അമൂല്യമായ പുസ്തക ശേഖരങ്ങളാണ് ഇവിടങ്ങളിലെല്ലാമുള്ളത്. പബ്ളിക് ലൈബ്രറികളിൽ പോലമുല്ലാത്ത പുസ്തകങ്ങൾ പല സ്കൂൾ, കോളേജ് ലൈബ്രറികൾക്ക് സ്വന്തമായുണ്ട്. എന്നാൽ ഇന്ത്യയിലെ പല സ്കൂളുകളിലും നിരോധിക്കപ്പെട്ടിട്ടുള്ള അല്ലെങ്കിൽ കുട്ടികൾക്ക് വായനയ‌്ക്ക് ലഭ്യമാക്കാത്ത ചില പുസ്തകങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് പറയാം.
ഹാരിപോട്ടർ
അതെ, ലോകമെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവർന്ന കൃതിയായ ഹാരിപോട്ടർ തന്നെയാണ് ഈ ലിസ്‌റ്റിൽ ഒന്നാമതുള്ളത്. ഹാരിപോട്ടർ സീരിസിലെ ഒരു പുസ്തകവും ഇന്ത്യയിലെ പല സ്കൂൾ ലൈബ്രറികളിൽ ലഭ്യമല്ല. ഇതുവായിച്ചുകഴിഞ്ഞാൽ കുട്ടികൾ മന്ത്രിവാദത്തിൽ വിശ്വസിക്കുമെന്നും, അമാനുഷിക ശക്തികൾ തേടി പോകുമെന്നുമാണ് പ്രചരണം. ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ തന്നെ നടന്നിരുന്നു. ഒരു വിഭാഗം ഹാരിപോർട്ടർ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കരുതെന്ന് വാദിച്ചപ്പോൾ, മറ്റൊരു വിഭാഗം വാദിച്ചത് കുട്ടികളുടെ ചിന്തയും സർഗാത്മകതയും വളർത്താൻ ഉപയോഗപ്രദമാണെന്നാണ്.

ടു കിൽ എ മോക്കിംഗ് ബേർഡ്
ഹാർപ്പർ ലീയുടെ വിഖ്യാത നോവലായ ടു കിൽ എ മോക്കിംഗ് ബേർഡ് പട്ടികയിൽ രണ്ടാമതാണ്. തെക്കൻ അമേരിക്കയിലെ വംശീയ യാഥാർത്ഥ്യങ്ങളെ പരാമർശിക്കുന്ന കൃതി ഒരു കാലത്ത് കുട്ടികൾക്കിടയിൽ പരക്കെ വായിക്കപ്പെട്ട ഒന്നാണ്. പുലിസ്‌റ്റർ പുരസ്കാരം നേടിയ ടു കിൽ എ മോക്കിംഗ് ബേർഡ് ചില ഇന്ത്യൻ സ്കൂളുകളിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് വായനപ്രദമായ ഒന്നല്ല എന്ന കാരണമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

ഓഫ് മൈസ് ആന്റ് മെൻ
ജോൺ സ്‌റ്റീബെക്ക് രചിച്ച ചെറുകഥയാണ് ഓഫ് മൈസ് ആന്റ് മെൻ. അമേരിക്കൻ പശ്ചാത്തലത്തിൽ സൗഹൃദത്തിന്റെയും, ഒറ്റപ്പെടലിന്റെയും, സ്വപ്‌നങ്ങൾക്ക് പിറകെയുള്ള യാത്രയുടെയും കഥപറഞ്ഞ പുസ്തകം. ഇതിലെ ചില വാക്കുകൾ കുട്ടികളെ വഴി തെറ്റിക്കുമെന്നാണ് പ്രചരണം.

ദി ഹെയ്‌റ്റ് യു ഗീവ്
ആൻജി തോമസ് രചിച്ച പ്രസിദ്ധമായ പുസ്തകം. പൊലീസിന്റെ വേട്ടയാടലുകൾ പരമാർശിക്കുന്ന കൃതി. സെൻസിറ്റീവായ പല മേഖലകളെ കുറിച്ചും പുസ്തകം പറയുന്നു.

ദി കാച്ചർ ഇൻ ദി റേയ്
ജെ.ഡി സാലിംഗർ രചിച്ച പുസ്‌തകമാണ് ദി കാച്ചർ ഇൻ ദി റേയ്. ഇതിലെ പ്രധാന കഥാപാത്രം ചെയ്യുന്ന പ്രവർത്തികളും ഉപയോഗിക്കുന്ന വാക്കും സഭ്യതയ‌്ക്ക് നിരക്കാത്തതാണ് എന്ന വാദം ഉന്നയിച്ചാണ് വിലക്ക്.

ദി കളർ പർപ്പിൾ
ആലീസ് വാക്കറിന്റെ പുലിസ്‌റ്റർ പുരസ്കാരം നേടിയ കൃതിയായ ദി കളർ പർപ്പിളും ഇന്ത്യൻ സ്കൂൾ ലൈബ്രറികളിൽ വിലക്ക് നേരിടുന്നുണ്ട്. കുട്ടികൾക്ക് പറ്റിയതല്ല പുസ‌്തകത്തിന്റെ ഉള്ളടക്കം എന്നാണ് വിലക്കിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്.