court

തിരുവനന്തപുരം: ഏഴുവയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ കുട്ടിയെ ആവശ്യപ്പെട്ട് പിതാവ് രംഗത്ത്. ശിശുക്ഷേമസമിതിയുടെ സംരക്ഷണനയിലുളള കുഞ്ഞിനെ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ പിതാവ് കുടുംബകോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനും പാടശേരി സ്വദേശിയുമായ അനുവിനെ കഴിഞ്ഞ ദിവസവും മാതാവ് അഞ്ജനയെ ഇന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച വിവരം കുട്ടി തുറന്നുപറയുന്ന വീഡിയോ പുറത്തുവന്നത്. അനു തന്നെ പച്ചമുളക് കഴിപ്പിച്ചെന്നും ഫാനിൽ കെട്ടിത്തൂക്കി മ‌ർദ്ദിച്ചെന്നും കുട്ടി പറയുന്നുണ്ട്. രണ്ടാനച്ഛൻ മർദ്ദിക്കുമ്പോൾ അമ്മ തടയാൻ ശ്രമിച്ചിരുന്നില്ലെന്നും ചിരിച്ചതിനും നോട്ടെഴുതാൻ വൈകിയതിനുമൊക്കെ അനു ഉപദ്രവിച്ചിരുന്നതായും കുഞ്ഞ് വീഡിയോയിൽ പറയുന്നുണ്ട്. അഞ്ജനയ്ക്ക് അസുഖമായതിനാലാണ് കുട്ടി രണ്ട് ദിവസം മുൻപ് ബന്ധുവീട്ടിലേക്ക് പോയത്. കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ ബന്ധുക്കൾ ചോദിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

അനുവിനും അഞ്ജനയ്ക്കുമെതിരെ വധശ്രമം, മാരകായുധം കൊണ്ട് പരിക്കേൽപ്പിക്കൽ എന്നീ കേസുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആദ്യ ഭർത്താവ് ഉപേക്ഷിച്ചുപോയ അഞ്ജന ബന്ധുവായ അനുവിനോടൊപ്പമാണ് കഴിഞ്ഞ ഒരു വർഷമായി താമസിച്ചുവന്നിരുന്നത്. അനു കുഞ്ഞിനെ മർദ്ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും തന്നെയും മർദ്ദിക്കുമോയെന്ന ഭയം കൊണ്ടാണ് തടയാൻ ശ്രമിക്കാത്തതെന്നുമാണ് അഞ്ജന മൊഴി നൽകിയത്.