crime

റിയാദ്: സ്വദേശി പൗരന്റെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ബാസില്‍ ബിന്‍ സുഹൈല്‍ എന്ന യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.യുവതിയെ മനപൂര്‍വം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ബാസിലിനെ വധിച്ചത്.

യുവതിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ അവരെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സൗദി യുവതിയായ നുവൈര്‍ ബിന്ദ് നാജിയാണ് കൊല്ലപ്പെട്ടത്. രണ്ട് പേരും ഒതൈബി ഗോത്രത്തിലുളളവരാണ്. വിവിധ തെളിവുകള്‍ ഹാജരാക്കി കീഴ്‌ക്കോടതിയിലും അപ്പീല്‍ കോടതിയിലും സുപ്രീം കോടതിയിലും പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു.

കൊല്ലപ്പെട്ട യുവതിയുടെ കുടുംബം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന നിലപാടില്‍ ഉറച്ച് നിന്നതോടെ ഭരണകൂട ഉത്തരവ് പ്രകാരമാണ് വധശിക്ഷ നടപ്പാക്കിയത്. മറ്റൊരാളുടെ ജീവന്‍ മനപൂര്‍വം അപകടത്തിലാക്കുന്നത് സൗദി അറേബ്യയിലെ നിയമപ്രകാരം രാജ്യസുരക്ഷക്ക് എതിരാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മറ്റുള്ളവരെ ആക്രമിക്കാനോ രക്തം ചിന്താനോ ആര്‍ക്കും അധികാരമില്ലെന്നും മനപൂര്‍വമുള്ള നരഹത്യക്ക് ശിക്ഷ വധശിക്ഷയാണെന്നും ആഭ്യന്തര മന്ത്രാലയം രാജ്യത്തെ നിയമം ചൂണ്ടിക്കാണിച്ച് ഓര്‍മിപ്പിച്ചു.