
തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച അടച്ചിടും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോട് അനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. അഞ്ചു മണിക്കൂർ അടച്ചിടുമെന്നാണ് അറിയിപ്പ്.
ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ രാത്രി 9 വരെയാണ് അടച്ചിടുന്നത്. തടസങ്ങളേതുമില്ലാതെ പൈങ്കുനി ആറാട്ട് ഉത്സവം നടത്തുന്നതിന് വേണ്ടിയാണ് പ്രവർത്തനം നിർത്തുന്നതെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഈ സമയത്ത് തിരുവനന്തപുരത്ത് എത്തേണ്ടതും, തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതുമായ വിമാനങ്ങളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. ഈ വിവരങ്ങൾ അതത് വിമാനക്കമ്പനികളിൽ നിന്ന് യാത്രക്കാർക്ക് ലഭ്യമാകുമെന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
അതേസമയം ദുബായിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. ദുബായിലേക്കുള്ള മറ്റു വിമാനങ്ങളുടെ സർവീസ് പുനഃക്രമീകരിച്ചിട്ടുണ്ട്.
നേരത്ത എയർ ഇന്ത്യ ദുബായ് സർവീസ് നിറുത്തിവച്ചിരുന്നു. ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 21 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ മാറ്റിയെടുക്കാൻ സാധിക്കും.