
വെഞ്ഞാറമൂട്: ഇത്തവണ വിഷുവിന് കണികാണാന്‍ പോലും ചക്കയില്ലായിരുന്നു. ചക്കയുടെ സീസണാണെങ്കിലും പതിവുപോലെ സുലഭമല്ല. ഇന്ന് ചക്ക വേണമെങ്കില്‍ കടകളില്‍ നിന്ന് ചുളയെണ്ണി വാങ്ങേണ്ട അവസ്ഥ. എല്ലാവരും കാലാവസ്ഥയെ പഴിക്കുമ്പോള്‍ ചക്കയ്ക്ക് പൊന്നും വിലയാണ്. കടകളില്‍നിന്നും ചക്ക വില കൊടുത്ത് വാങ്ങുന്ന പാരമ്പര്യം മലയാളിക്ക് പുതിയ അനുഭവം തന്നെ.
പ്ലാവ് നിറയെ ചക്കയുള്ള കാലമാണ് മേടമാസം. എന്നാല്‍ ഇക്കുറി അങ്ങനെയല്ല. കൊവിഡ് കാലത്ത് കേരളത്തെ പട്ടിണിയില്‍നിന്നും രക്ഷിച്ച മലയാളിയുടെ ഇഷ്ടഭക്ഷണത്തിന് ഇന്ന് കിലോയ്ക്ക് എണ്‍പതു മുതല്‍ നൂറു രൂപ വരെ വിലയുണ്ട്. ചക്ക ഒന്നായും മുറിച്ച് പീസുകളായും കടകളില്‍ വില്പനയ്ക്കായി നിരത്തി വച്ചിരിക്കുന്നത് കാണുമ്പോള്‍ പ്രായമായവര്‍ക്ക് അതിശയം. ചക്കയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. എന്നാല്‍ ആവശ്യത്തിന് ചക്ക കിട്ടാനില്ലാത്തതാണ് പ്രശ്നം. വില എത്രയായാലും വാങ്ങാന്‍ വരുന്നവര്‍ക്ക് പ്രശ്നമല്ല. നല്ല ചക്ക കിട്ടണം. പഴുത്തതിനേക്കാള്‍ ഡിമാന്റ് പച്ച ചക്കയ്ക്കാണ്.
കിലോയ്ക്ക് 80 മുതല്‍ 100 വരെ, വേനലില്‍ താരം ആഞ്ഞിലിച്ചക്ക
ഒരു കാലത്ത് വീട്ടുമുറ്റത്ത് സുലഭമായിരുന്ന ആഞ്ഞിലിച്ചക്കയിപ്പോള്‍ വഴിയോരത്ത് സുലഭമാണ്. ആഞ്ഞിലിപ്പഴത്തെ ഇപ്പോള്‍ പുതുതലമുറ ഏറ്റെടുത്തുകഴിഞ്ഞു. പഴവിപണിയില്‍ വന്‍ ഡിമാന്‍ഡായതോടെ ആഞ്ഞിലിച്ചക്ക അന്വേഷിച്ച് നാട്ടിന്‍പുറങ്ങളിലേക്കും ആളെത്തിത്തുടങ്ങി. പഴങ്ങളുടെ കൂട്ടത്തില്‍ ചക്ക കഴിഞ്ഞാല്‍ ആഞ്ഞിലിച്ചക്കയ്ക്കാണ് ഡിമാന്‍ഡ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും ആഞ്ഞിലിച്ചക്കകള്‍ വില്പനയ്ക്കുണ്ട്. പഞ്ഞമാസങ്ങളില്‍ മലയാളിയുടെ പ്രധാന പോഷകാഹാരമായിരുന്നു അയിനിച്ചക്ക, ആനിക്ക, ഐനിച്ചക്ക തുടങ്ങി പലപേരുകളില്‍ അറിയപ്പെടുന്ന ആഞ്ഞിലിച്ചക്ക. വിളഞ്ഞ ആഞ്ഞിലിച്ചക്കയുടെ പുറംതൊലി ചെത്തിക്കളഞ്ഞ് ചെറുകഷണങ്ങളാക്കി അരിഞ്ഞ് തയ്യാറാക്കുന്ന പുഴുക്കിന്റെ രുചി ഒന്നുവേറെയാണെന്ന് പഴമക്കാര്‍ പറയുന്നു.