mining
പ്രതീകാത്മക ചിത്രം

മൂവാറ്റുപുഴ: ആറ് പതിറ്റാണ്ടായി നഗരത്തിന്റെ മുഴുവന്‍ മാലിന്യവും പേറുന്ന ഈസ്റ്റ് കടാതിയിലെ വളക്കുഴി ഡംബിംഗ് യാര്‍ഡില്‍ ബയോ മൈനിംഗ് ആരംഭിക്കുന്നതിനുളള കൂറ്റന്‍ യന്ത്ര സാമഗ്രികള്‍ നാഗ്പൂരില്‍ നിന്ന് എത്തിച്ചു. നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എം.എസ് ലിമിറ്റഡാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒന്നിന് മൈനിംഗ് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പ്രദേശ വാസികളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷമേ വളക്കുഴിയില്‍ ബയോ മൈനിംഗ് ആരംഭിക്കേണ്ടതുളളു എന്ന് നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് നിലപാട് എടുത്തു.

ഇതിനായി വിവിധ ഘട്ടങ്ങളായി പ്രദേശ വാസികളുടെ യോഗം ചേര്‍ന്നു. ഇതോടൊപ്പം ബോധവത്ക്കരണവും ഊര്‍ജിതമാക്കി. ബയോ മൈനിംഗ് ആരംഭിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് സമീപ വാസികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മൈനിംഗിനിടെ ഉണ്ടാകാന്‍ ഇടയുളള ദുര്‍ഗന്ധം, പ്രാണികളുടെ ശല്യം, പൊടി എന്നിവയെ പ്രതിരോധിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നായിരുന്നു ആവശ്യം. ഈ സാഹചര്യത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗ നിര്‍ദേശം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

യന്ത്ര സാമഗ്രികള്‍ എത്തിച്ചതോടെ ദിവസങ്ങള്‍ക്കകം വളക്കുഴിയില്‍ ബയോ മൈനിംഗ് ആരംഭിക്കും. വിജയകരമായി പൂര്‍ത്തിയാക്കാനായാല്‍ ഖരമാലിന്യ സംസ്‌കരണ രംഗത്ത് ബഹുദൂരം മുന്നേറാന്‍ മൂവാറ്റുപുഴ നഗരസഭക്ക് ആകും.

നാട്ടുകാരുടെ ആശങ്ക പരിഹരിക്കും

പൊടി കുറയ്ക്കാന്‍ വെള്ളം പമ്പ് ചെയ്യും ഗ്രീന്‍ നെറ്റ് ഉപയോഗിച്ച് യാര്‍ഡ് മറയ്ക്കും ദുര്‍ഗന്ധനാശിനികള്‍ ഉപയോഗിക്കും ഗതാഗത സൗകര്യങ്ങള്‍ തടസപെടാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കും.

അനുവദിച്ച തുക 10.82 കോടി രൂപ

ഡംബിംഗ് യാര്‍ഡ്- ആകെ 4.5 ഏക്കര്‍ വിസ്തൃതി

ഭൂനിരപ്പിനു മുകളില്‍ 31995 ക്യൂബിക് മീറ്ററും താഴെ 55905 ക്യുബിക് മീറ്ററും മാലിന്യം

ആകെ മാലിന്യം 44589.18 മെട്രിക് ടണ്‍