nimishapriya

കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക് യാത്ര തിരിച്ചത്. മുംബയ് വഴിയാണ് യാത്ര. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് മകളുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് പ്രേമകുമാരി യാത്ര തിരിച്ചത്. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്‌ക്കൊപ്പം ഉണ്ട്. ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷ.

വിദേശകാര്യ മന്ത്രാലയം എതിർത്തെങ്കിലും പ്രേമകുമാരിക്ക് സ്വന്തം നിലയ്‌ക്ക് യെമനിലേക്ക് യാത്ര ചെയ്യാൻ നേരത്തെ ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയം വിസ അനുവദിച്ചു. എന്നാൽ യെമനിലെ ആഭ്യന്തര സംഘർഷം കാരണം അവിടേക്ക് പതിവായി വിമാനമില്ലാത്തതിനാൽ യാത്ര വൈകുകയായിരുന്നു.

നിമിഷപ്രിയയുമായി​ ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം ഫോണി​ൽ ബന്ധപ്പെടാറുണ്ടെന്നും നിമിഷ ജയിലിൽ ആതുര സേവനം ചെയ്യുന്നതിനാൽ യെമൻ ഭരണകൂടം വധശിക്ഷ നടപ്പാക്കില്ലെന്നാണ് പ്രതീക്ഷയെന്നും പ്രേമകുമാരി​ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗോത്ര തലവന്മാരുമായി പലവട്ടം നടന്ന ചർച്ചയിൽ നിമിഷയ്ക്ക് അനുകൂലമായ സമീപനം സ്വീകരിക്കാമെന്ന് ധാരണയായി​ട്ടുണ്ട്. തുക സംബന്ധിച്ചാണ് തീരുമാനം ഉണ്ടാകേണ്ടത്.

ഇന്ന് കൊച്ചിയിൽ നിന്ന് മുംബയ് വഴി​​ യെമനിലെ ഏഡെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തുക. അവിടെ നിന്ന് റോഡുമാർഗം സനയിലെത്തി​ ജയിലിൽ നിമിഷപ്രിയയെ സന്ദർശിക്കാമെന്നാണ് പ്രതീക്ഷ. യെമനി​ൽ നി​ന്ന് ഇന്ത്യയി​ലേക്ക് യാത്രാവി​മാന സർവീസി​ല്ല. മെഡി​ക്കൽ ആവശ്യങ്ങൾക്കും മറ്റും എത്തുന്ന വി​മാനങ്ങൾ മാത്രമാണ് ആശ്രയം. അത്തരമൊരു വി​മാനത്തി​ലാണ് പ്രേമകുമാരി​ മുംബയി​ൽ നി​ന്ന് ഇന്ന് വൈകിട്ട് അഞ്ചിന് യാത്രതി​രി​ക്കുക.

ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനിലെ സർക്കാരുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ലാത്തതി​നാൽ സേവ് നിമിഷ പ്രിയ ആക്‌ഷൻ കൗൺസിലാണ് യെമനിലെ ചർച്ചകൾക്കുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. എംഎ യൂസഫലി​ ഉൾപ്പടെ നി​രവധി​ പേരുടെ സഹായമുണ്ട്. നിമിഷ പ്രിയയ്ക്ക് വേണ്ടി കേന്ദ്രസർക്കാർ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചില്ലെന്നും കേന്ദ്ര വി​ദേശകാര്യ സഹമന്ത്രി വി മുരളീധരൻ വാഗ്ദാനങ്ങൾ നൽകിയെങ്കി​​ലും കോടതിയിൽ മറ്റൊരു നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും പ്രേമകുമാരി​ ആരോപിച്ചിരുന്നു.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയിൽ ഇളവ് നൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു.